sathyadeepam

കൊച്ചി: ഒന്നിച്ചുനിൽക്കുന്ന നേതൃത്വം ഇല്ലാത്തതാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണമെന്ന് സീറോമലബാർ സഭാ പ്രസിദ്ധീകരണമായ സത്യദീപം. നേതൃശൂന്യത മൂലമാണ് ജനങ്ങൾ യു.ഡി.എഫിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറാകാതിരുന്നത്. പിണറായി വിജയന്റെ ക്യാപ്ടൻസി ജനങ്ങൾ ഏറ്റെടുത്തത് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിതെളിച്ചതെന്നും പുതിയ ലക്കം സത്യദീപത്തിലെ എഡിറ്റോറിയൽ പറയുന്നു.

സെഞ്ച്വറിക്കരികിലെത്തിയ എൽ.ഡി.എഫിന്റെ അത്യുജ്വലവിജയം പിണറായിയുടെ ക്യാപ്ടൻസി സത്യമാണെന്ന് തെളിയിച്ചു. പ്രതിസന്ധികളിൽ ഒപ്പംനിന്ന സർക്കാരിന് ലഭിച്ച അംഗീകാരമാണിത്. ക്ഷേമപദ്ധതികളുടെ പണവും കിറ്റും വീട്ടിലെത്തിയപ്പോൾ ജനങ്ങൾ സമാധാനിച്ചു. കൊവിഡ് പ്രതിസന്ധിയിൽ പിണറായി വിജയന്റെ ഉറച്ച നേതൃത്വം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ ഇ‌ടത്തേക്ക് ചിന്തിച്ചത് സ്വാഭാവികമാണ്.

ഭരണവീഴ്ചകൾ ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. പ്രതിപക്ഷനേതാവ് ഉയർത്തിയ പ്രശ്നങ്ങൾക്ക് പാർട്ടിയുടെ പോലും പൂർണപിന്തുണ ലഭിച്ചില്ല. നേതൃമാറ്റത്തിലൂടെ നേതൃശേഷി വീണ്ടെടുക്കണം.

കോൺഗ്രസിന്റെ മതനിരപേക്ഷ പാരമ്പര്യം ചോദ്യം ചെയ്യപ്പെട്ടപ്പോൾ ന്യൂനപക്ഷം ഇടതുപക്ഷത്തെ സഹായിച്ചു. അധികാരത്തോടുള്ള ആർത്തിയിൽ മറുകണ്ടം ചാടിയവരെ ജനങ്ങൾ തോല്പിച്ചത് ശ്രദ്ധേയമാണെന്നും സത്യദീപം പറയുന്നു.