മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ഒ.പി. ബേബി ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ജല അതോറിറ്റി ഓഫീസിനുമുന്നിൽ സത്യഗ്രഹസമരം നടത്തും. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ പിന്തുണയോടെയാണ് സമരം.
വേനൽ കടുത്തതുമുതൽ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. പ്രസിഡന്റിന്റെ നേതൃത്വത്തിൽ പലവട്ടം ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലവുമുണ്ടായില്ല. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാണ്. മുന്നൂറോളം കുടുംബങ്ങളിലെ കൊവിഡ് രോഗികളും മറ്റുള്ളവരും വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾക്കായാണ് സമരം.
മാസങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല.