ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റെയ്ജ അമീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ, ബ്ലോക്ക് മെമ്പർമാരായ അബിദ ഷെരിഫ്, സുധീർ മീന്ത്രക്കൽ, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ, പ്രതിപക്ഷനേതാവ് എൻ.എച്ച്. ഷെബീർ, ടി.എം. അബ്ദുൾ കരിം, ഷൈനി ടോമി, ഫെസീന അൻസർ, ഹസീന ഹംസ, സുമയ്യ സത്താർ, സി.കെ. ലിജി, ജെസിന്ത ബാബു, ടി.എം. അഷ്‌റഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിലവിൽ 700 രോഗികൾ
കൊവിഡ് വ്യാപനം രൂക്ഷമായ എടത്തലയിൽ നിലവിൽ എഴുനൂറിലേറെ രോഗബാധിതരുണ്ട്. ഡി.സി.സിയിൽ 50 രോഗികൾക്കുള്ള സംവിധാനമാണ് പ്രാഥമികമായി ഒരുക്കിയിട്ടുള്ളത്. ഡി.സി.സിയിലേക്ക് കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചുതുടങ്ങി. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായത്തോടെ ഭക്ഷണത്തിനായി സാമൂഹിക അടുക്കള ഒരുക്കും. അതുവരെ കുടുംബശ്രീ ജനകീയ ഹോട്ടലിൽനിന്നും ഭക്ഷണമെത്തിക്കും.
ഡി.സി.സി പ്രവർത്തനങ്ങൾക്കായി നാല് ആരോഗ്യ പ്രവർത്തകരേയും നാല് ശുചീകരണ ജീവനക്കാരെയും ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ, സെക്രട്ടറി അടക്കമുള്ളവർ കൊവിഡ് ബാധിതരായി ക്വാറന്റെയിനിലാണ്. എടത്തല പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തിൽ പഞ്ചായത്തിൽ കർശന പരിശോധനയുമുണ്ട്.