കളമശേരി: കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജൻ ജനറേറ്റർ പി.എസ്.എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജം. ഇന്നലെ മുതൽ പൂർണ തോതിൽ ഉത്പാദനം തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്‌സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്.ഒന്നര കോടിയോളം രൂപയാണ് ചിലവ്. തിരുവനന്തപുരം, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ. എട്ടു വാർഡുകളിലേക്കാണ് പുതിയ പ്ലാന്റിലെ ഓക്‌സിജൻ നൽകുക. ഓപ്പറേഷൻ തീയേറ്റർ, കൊവിഡ് ഐ.സി.യു എന്നിവടങ്ങളിൽ കൂടുതൽ ശുദ്ധമായ ഓക്‌സിജൻ ആവശ്യമാണെന്നതിനാൽ ലിക്വിഡ് ഓക്‌സിജൻ പ്ലാൻറുകളിൽ നിന്ന് ലഭിക്കുന്ന ഓക്‌സിജനാകും തുടർന്നും വിതരണം ചെയ്യുകയെന്ന് ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ പറഞ്ഞു.