നെടുമ്പാശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിക്കുന്ന കൊവിഡ് പ്രതിരോധ സഹായനിധിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ എം.എസ്. അനസ് ഹാജിയിൽനിന്ന് ഫണ്ട് സ്വീകരിച്ച് നിയുക്ത എം.എൽ.എ. പി. രാജീവ് നിർവഹിച്ചു. ജില്ലാ ട്രെയിനർ സി.എം. അസ്‌കർ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർമാരായ എൻ.പി. ഷാജഹാൻ, ഇ.കെ. കുഞ്ഞുമുഹമ്മദ്, ടി. സലിം തുടങ്ങിയവർ സംബന്ധിച്ചു.
ഹജ്ജ് കമ്മിറ്റി മുഖേന മുൻവർഷങ്ങളിൽ ഹജ്ജ് കർമ്മം നിർവഹിച്ചവർ, ഹാജിമാരോടൊത്ത് മക്കയിൽ സേവനംചെയ്ത വളന്റിയർമാർ, ഹജ്ജ് അസിസ്റ്റന്റുമാർ, എ.എച്ച്.ഒമാർ, വർഷങ്ങളായി ജില്ലയിൽ ഹാജിമാർക്കുവേണ്ടി സേവനംചെയ്തുവരുന്ന ട്രെയിനർമാർ, നെടുമ്പാശേരി എംബാർക്കേഷൻ ക്യാമ്പിൽ സേവനംചെയ്ത വളന്റിയർമാർ, ഹജ്ജ് സെൽ അംഗങ്ങൾ തുടങ്ങിയവരിൽ നിന്ന് സംഭാവന സ്വരൂപിക്കാനാണ് പദ്ധതി.