oxigen

കൊച്ചി: ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. 15 മുതൽ 20 വരെ മെട്രിക് ടൺ ഓക്‌സിജനാണ് ജില്ലയിൽ വേണ്ടത്. അഞ്ച് ടാങ്കറുകളും ജില്ലയിലുണ്ട്. മെഡിക്കൽ കോളേജ്, പി.വി.എസ് ആശുപത്രി, സിയാൽ എന്നിവിടങ്ങളിലാണ് ഓക്‌സിജൻ വിതരണം. ക്ഷാമത്തിന് സാദ്ധ്യതയുള്ളതിനാൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ബഫർ സ്റ്റോക്കും ജില്ലയിലുണ്ട്. വ്യവസായ ശാലകളിൽ നിന്ന് ഉപയോഗിക്കാത്ത വ്യാവസായിക സിലിണ്ടറുകൾ പിടിച്ചെടുത്ത് മെഡിക്കൽ ഓക്‌സിജനായി മാറ്റുകയാണ്. ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കാണ് ചുമതല. പിടിച്ചെടുക്കുന്ന സിലിണ്ടറുകൾ താലൂക്ക് ഓഫീസിലെത്തിച്ച് സമീപത്തെ ഫില്ലിംഗ് സ്റ്റേഷനിൽ നിന്ന് നിറച്ച് ആശുപത്രികളിലേക്ക് നൽകും.

പഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ

 എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആംബുലൻസുകളും സജ്ജമാണ്. പഞ്ചായത്തുകൾക്ക് നേരിട്ട് ഓക്‌സിജൻ ബെഡുകൾ ക്രമീകരിക്കുന്നതിന് അനുമതി നൽകി.

 18000 ത്തോളം വൊളന്റിയർമാർ ജില്ലയിൽ സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 മൊബൈൽ ആംബുലൻസ് യൂണിറ്റിന്റെയും കൺട്രോൾ റൂമിന്റെയും പ്രവർത്തനം കൊച്ചി കോർപ്പറേഷനിൽ ആരംഭിച്ചു.

 100 ഓക്‌സിജൻ ബെഡുകൾ കൊച്ചി സാമുദ്രിക് കൺവെൻഷൻ ഹാളിൽ സജ്ജമാക്കി.

 തദ്ദേശ സ്ഥാപനങ്ങളിൽ ശ്മശാനങ്ങൾ പൂർണ സജ്ജമാക്കും.

 വീടുകളിൽ കഴിയുന്നവർക്ക് ഫോൺ വഴി നിർദേശങ്ങൾ നൽകും. മരുന്ന് എത്തിക്കും.

 ഓക്സിജൻ കിടക്കകൾ ഒരുങ്ങുന്നു

കളമശേരി മെഡിക്കൽ കോളേജിലെ മുഴുവൻ ബെഡുകളും ഓക്‌സിജൻ ബെഡുകളാക്കി. ആലുവ താലൂക്ക് ആശുപത്രിയിൽ 100 ഓക്‌സിജൻ ബെഡുകളും 30 ഐ.സി.യു ബെഡുകളും സജ്ജമാണ്. സിയാലിൽ 150 ഓക്‌സിജൻ ബെഡുകളിൽ ശ്വാസതടസമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്.

പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോർട്ട്‌കൊച്ചി ആശുപത്രികളിൽ കേന്ദ്രീകൃത എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ 150 ഓക്‌സിജൻ ബെഡുകളും ബി.പി.സിഎല്ലിനോട് ചേർന്ന് 500 ഓക്‌സിജൻ ബെഡുകളും ഉടനെ തയ്യാറാകും.

 മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും കോതമംഗലം, പെരുമ്പാവൂർ, പിറവം താലൂക്ക് ആശുപത്രികളിലും ഓക്‌സിജൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഓക്‌സിജൻ ബെഡുകളുണ്ടെങ്കിലും പരിചയ സമ്പന്നരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്.

വാക്‌സിനേഷൻ:

മണിക്കൂറിൽ 20 പേർക്ക്

ക്യൂ അനുവദിക്കില്ല

ഓരോ വാർഡിലെയും വാക്‌സിൻ എടുക്കാനുള്ളവരുടെ പട്ടിക തയാറാക്കി മണിക്കൂറിൽ 20 പേർക്ക് വീതം വാക്‌സിൻ നൽകുന്ന വിധത്തിലാണ് ക്രമീകരണം. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകും. സ്‌പോട്ട് അലോട്ട്‌മെന്റ് ഒരിടത്തും ഉണ്ടാകില്ല. ആശുപത്രികളിൽ വാക്‌സിനേഷനായി ക്യൂ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.