കൊച്ചി : പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകുന്ന വിഭാഗമെന്ന നിലയിൽ വ്യാപാരികളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സർക്കാരിനോട് ആവശ്യപ്പെട്ടു.കൊവിഡ് മുന്നണി പോരാളികൾക്ക് സമാനമായ രീതിയിലാണ് വ്യാപാസ്ഥാപനങ്ങളിൽ ഉടമകളും ജീവനക്കാരും ജോലിചെയ്യുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വില നൽകി മേഖല അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് മുഴുവൻ അംഗങ്ങൾക്കും വാക്‌സിൻ നൽകാൻ തയ്യാറാണെന്ന് ഓൺലൈനിൽ ചേർന്ന കെ.വി.വി.ഇ.എസ് ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കൂടാതെ സർക്കാരിന് ആവശ്യമെങ്കിൽ വാക്‌സിൻ കേന്ദ്രങ്ങളാക്കാൻ ജില്ലയിലെ മുഴുവൻ വ്യാപാര ഭവനുകളും, ആഡിറ്റോറിയങ്ങളും വിട്ടു നൽകാനും സംഘടന തയ്യാറാണെന്നും ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ അറിയിച്ചു.സംസ്ഥാനം മറ്റൊരു ലോക്ഡൗണിലേയ്ക്ക് പോകുമ്പോൾ ബാങ്ക്, കെ.എസ്.എഫ്.ഇ വായ്പകൾക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ മൊറട്ടോറിയവും, ജി.എസ്.ടി.ആർ-1 ഫയൽ ചെയ്യുന്നതിന് സാവകാശവും സർക്കാർ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.