പറവൂർ: പറവൂർ നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. നഗരത്തെ നിരീക്ഷിക്കുന്ന ഈ കാമറകൾ നന്നാക്കാൻ അധികൃതർക്ക് താത്പര്യവുമില്ല. ഗതാഗത നിയമലംഘനം, മാലിന്യംതള്ളൽ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാൻ 24 നിരീക്ഷണ കാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്.

പള്ളിത്താഴം, ചേന്ദമംഗലം കവല, താലൂക്ക് ആശുപത്രി, സ്വകാര്യ ബസ് സ്റ്റാൻഡ്, കച്ചേരി മൈതാനം, നമ്പൂരിയച്ചൻആൽ, അമ്മൻകോവിൽ, മുനിസിപ്പൽ കവല, കണ്ണൻകുളങ്ങര, മാർക്കറ്റ്, കെ.എം.കെ കവല, തെക്കേനാലുവഴി, പുല്ലംകുളം, വഴിക്കുളങ്ങര എന്നിവിടങ്ങളിൽ കാമറകൾ വച്ചിരുന്നു.

 കാമറ സ്ഥാപിക്കാൻ ചെലവഴിച്ചത് 25 ലക്ഷം രൂപ

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ റോഡ്‌ സേഫ്റ്റി ഫണ്ടിലെ 25 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ച് വർഷം മുമ്പാണ് ഇവ സ്ഥാപിച്ചത്. കാമറകളിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിനുള്ള മോണിറ്ററുകൾ പൊലീസ് സ്റ്റേഷനിൽ സി.ഐ ഓഫീസിന് മുകളിലെ നിലയിലും സ്ഥാപിച്ചു. തുടക്കത്തിൽ ഇവ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥനെ പ്രത്യേകം നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ നന്നായി ഉപയോഗപ്പെട്ടെങ്കിലും കാലക്രമേണ കാമറകൾ ഓരോന്നായി തകരാറിലായി. വർഷങ്ങളായി ഇവയിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. ഇവ പ്രവർത്തന സജ്ജമാക്കുമെന്നും കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.

 നിയമലംഘനങ്ങൾ തുടരുന്നു

വാഹനങ്ങളുടെ അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇപ്പോഴുമുണ്ട്. പൊലീസിന്റെ ആവശ്യപ്രകാരം റോഡ്‌ സേഫ്റ്റി അതോറിറ്റിയാണ് ഫണ്ട് അനുവദിക്കേണ്ടത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മൂന്നരലക്ഷം രൂപയ്ക്കുള്ള ക്വട്ടേഷൻ ആയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. നഗരത്തിൽ മോഷണം, കുറ്രകൃത്യങ്ങൾ എന്നിവയുണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. അതിനാൽ അന്വേഷണത്തിന് താമസം നേരിടാറുണ്ട്.