നടപടി നെൽക്കൃഷി നടത്താതെ മത്സ്യക്കൃഷിക്ക് ഒരുങ്ങുന്നതിനിടെ
പറവൂർ: പൊക്കാളിക്കൃഷി വ്യാപനപ്രവർത്തനങ്ങളുടെ ഭാഗമായി പാടങ്ങളിലെ വെള്ളം തുറന്ന് വിടണമെന്ന് ഭൂമടമകളോടും കർഷകരോടും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നിർദ്ദേശിച്ചു. പൊക്കാളിപ്പാടങ്ങളിൽ മത്സ്യക്കൃഷിക്കായി കെട്ടിനിർത്തിയിരിക്കുന്ന വെള്ളം തുറന്നുവിട്ട് പൊക്കാളി നെൽക്കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് പ്രസിഡന്റ് കെ.എസ്. ഷാജി ,കൃഷി ഓഫീസർ കെ.സി. റെയ്ന എന്നിവരുടെ നിർദ്ദേശം.
പൊക്കാളി പാടശേഖരങ്ങളിൽ മത്സ്യക്കൃഷിയുടെ കാലാവധി കഴിഞ്ഞിട്ടും മത്സ്യക്കെട്ടുകൾ പ്രവർത്തിക്കുന്നത് അവസാനിപ്പിച്ച് നെൽക്കൃഷിയാരംഭിക്കണമെന്ന ജില്ലാ കളക്റ്ററുടെ ഉത്തരവ് കർഷകർ പാലിക്കണം. കളക്റ്ററുടെ ഉത്തരവുപ്രകാരം ഏപ്രിൽ പതിനഞ്ചുവരെ മാത്രമേ പൊക്കാളിപ്പാടങ്ങളിൽ മത്സ്യക്കൃഷി ചെയ്യുവാൻ അനുമതിയുള്ളു. കൃഷിക്കനുയോജ്യമായ എല്ലായിടത്തും കൃഷിയിറക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പിലാക്കിവരികയാണ്.