പറവൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് സിംന സന്തോഷ് അറിയിച്ചു. ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകൾക്കും ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻ 50,000 രൂപ വീതം നൽകും. കൊവിഡ് അനുബന്ധ മരുന്നുകൾ വാങ്ങുന്നതിന് 25,000 രൂപയും അനുവദിക്കും. ഗ്രാമ പഞ്ചായത്തുകളിലെ ആശാ വർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പൾസ് ഓക്സിമീറ്റർ വാങ്ങിനൽകും. മൂത്തകുന്നം സി.എച്ച്.സി യിൽ ആരംഭിക്കുന്ന 36 കിടക്കകളുള്ള സി.എഫ്.എൽ.ടി സെന്ററിൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി കൊവിഡ് സഹായകേന്ദ്രം തുറക്കും.