മെട്രോനഗരിക്ക് നാണക്കേടായി പൊതുശ്മശാനങ്ങൾ
കൊച്ചി: കൊച്ചി നഗരസഭയുടെ 11 പൊതുശ്മശാനങ്ങളുടെയും അവസ്ഥ പരമദയനീയം. കൊവിഡ് മരണങ്ങൾ അതിവേഗം ഉയരുമ്പോൾ ഇത്രയും നാൾ കോർപ്പറേഷൻ ഇക്കാര്യത്തിൽ കാണിച്ച അനാസ്ഥമൂലം മരിച്ചവരുടെ ബന്ധുക്കളും പൊതുപ്രവർത്തകരും വലയുകയാണ്.പച്ചാളം, പള്ളുരുത്തി, ഇടപ്പള്ളി, രവിപുരം ശ്മശാനങ്ങളിൽ മാത്രമാണ് കൊവിഡ് രോഗികളെ സംസ്കരിക്കുന്നത്. മരണസംഖ്യ കൂടിയതോടെ ജില്ലയുടെ മറ്റു മേഖലകളിൽ നിന്നുള്ളവരും ഇപ്പോൾ ഈ ശ്മശാനങ്ങളെ ആശ്രയിക്കുന്നുണ്ട്. ക്രൈസ്തവരും മൃതദേഹം ദഹിപ്പിക്കാൻ തുടങ്ങിയതോടെ തിരക്കേറി. സമയം ലഭ്യമാകുന്ന ഇടങ്ങളിലേക്ക് ജഡങ്ങളുമായി പായുകയാണ് ബന്ധുക്കൾ. വൈകുന്നേരം ആറുമണിക്ക് ശേഷം പൊതുശ്മശാനങ്ങളിൽ സംസ്കാരത്തിന് നിയന്ത്രണങ്ങളുണ്ട്. ഇതും ജനങ്ങളെ വലയ്ക്കുന്നു.മിക്കവാറും ശ്മശാനങ്ങളിൽ ഒന്നിലധികം ചൂളകളുണ്ടെങ്കിലും പലതും തകരാറിലാണ്. പള്ളുരുത്തി, പച്ചാളം, ഇടപ്പള്ളി, രവിപുരം ശ്മശാനങ്ങളിൽ ഗ്യാസ് ചൂളകളുണ്ടായിരുന്നെങ്കിലും അതെല്ലാം തകരാറിലായിട്ട് വർഷങ്ങളായി. പച്ചാളം ശ്മശാനം ഹൈബി ഈഡന്റെ എം.എൽ.എ ഫണ്ടുപയോഗിച്ച് നവീകരിച്ച ശേഷമാണ് വൃത്തിയും മെനയുമുണ്ടായത്. ഇവിടെ ഒരുസമയം നാലു മൃതദേഹങ്ങൾ സംസ്കരിക്കാൻ ശേഷിയുണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. രവിപുരം, പള്ളുരുത്തി ശ്മശാനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ഉള്ളവയാണ്. എന്നിട്ടും ഇവയൊന്നും അടുക്കും ചിട്ടയുമായി കൈകാര്യം ചെയ്യാൻ ഇതുവരെ കോർപ്പറേഷന് കഴിഞ്ഞിരുന്നില്ല.
ഹെൽത്ത് വിഭാഗം വെറും കാഴ്ചക്കാർ
കോർപ്പറേഷന്റെ ഹെൽത്ത് വിഭാഗത്തിന്റെ കീഴിലാണ് പൊതുശ്മശാനങ്ങൾ. ഇവ കാര്യക്ഷമമായി നടത്താൻ ഇതുവരെ അധികൃതർ ശ്രദ്ധിച്ചിട്ടില്ല. കരാർ നൽകിയ ശേഷം തിരിഞ്ഞു നോക്കാറില്ല ഉദ്യോഗസ്ഥരും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കാരും. കരാറുകാരുടെ ബാദ്ധ്യതയാണ് പിന്നെ ശ്മശാനം നടത്തിപ്പും പരിപാലനവും. ചില ശ്മശാനങ്ങളിൽ രാത്രി മദ്യപന്മാരുടെയും സാമൂഹ്യദ്രോഹികളുടെയും വിളയാട്ടമാണ്.
ഗ്യാസ് സംവിധാനങ്ങൾ തുരുമ്പെടുക്കുന്നു
പച്ചാളം, രവിപുരം, ഇടപ്പള്ളി, പള്ളുരുത്തി ശ്മശാനങ്ങളിൽ വിറകും ചിരട്ടയും ഉപയോഗിച്ച് ദഹിപ്പിക്കൽ നടക്കുമ്പോൾ ഗ്യാസ്, വൈദ്യുത ചൂളകൾ തുരുമ്പെടുത്ത് കിടക്കുകയാണ്. ഈ രീതിയിൽ കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വേണം ഒരു മൃതദേഹം ദഹിപ്പിക്കാൻ. ഗ്യാസ്, വൈദ്യുത ചൂളകളായിരുന്നെങ്കിൽ ഒന്ന് - ഒന്നര മണിക്കൂർ കൊണ്ട് കാര്യം കഴിയും.തിരക്കേറിയതോടെ ഇപ്പോൾ ചിതയിൽ ഡീസലൊഴിച്ച് കത്തിച്ചും ദഹിപ്പിക്കൽ വേഗത്തിലാക്കുന്നുണ്ട്.
കോർഷറേഷൻ ശ്മശാനങ്ങൾ
ഇടപ്പള്ളി പച്ചാളം രവിപുരം വാത്തുരുത്തി പുല്ലേപ്പടി ഫോർട്ടുകൊച്ചി വെളി പള്ളുരുത്തി വാട്ടർലാൻഡ് റോഡ് ഇടക്കൊച്ചി കൂവപ്പാടം
ഹെൽത്ത് ഇൻസ്പക്‌ടർക്ക് ചുമതല
കൊവിഡ് സംസ്കാരങ്ങൾ എല്ലാ ശ്മശാനങ്ങളിലും നടക്കുന്നുണ്ട്. പശ്ചിമകൊച്ചിയിലെ മൃതദേഹങ്ങൾ അധികവും വെളിയിലാണ് സംസ്കരിക്കുന്നത്. ശ്മശാനങ്ങളുടെ മേൽനോട്ടത്തിനായി രണ്ട് ഹെൽത്ത് ഇൻസ്പക്‌ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടി.കെ.അഷ്‌റഫ്
ആരോഗ്യസ്ഥിരം സമിതി ചെയർമാൻ
ഹൈന്ദവരോടുള്ള വിവേചനം
പൊതുശ്മശാനങ്ങൾ ഇത്രയും നാൾ ഉപയോഗിച്ചത് ഹൈന്ദവർ മാത്രമാണ്. ഇവിടെ മാത്രമല്ല മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ശ്മശാനങ്ങൾ കേരളത്തിന് തന്നെ അപമാനമാണ്. മരിച്ചവരോട് മാന്യത കാണിക്കുന്ന സംസ്കാരം ഇനിയെങ്കിലും കൊച്ചി കോർപ്പറേഷൻ പഠിക്കണം. ഹൈന്ദവരോടുള്ള വിവേചനമാണിത്.
എം.ഡി.അഭിലാഷ്, കൺവീനർ
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ
ഫലപ്രദമായ നടപടികൾവേണം
ഏതു മതവിഭാഗത്തിൽ പെട്ടവരെയും രവിപുരം ശ്മശാനത്തിൽ സംസ്കരിക്കുന്നതിന് എറണാകുളം കരയോഗം തയ്യാറാണ്. പ്രതിസന്ധിഘട്ടത്തെ നേരിടുന്നതിന് കോർപ്പറേഷൻ ഫലപ്രദമായ നടപടികൾ ആവിഷ്കരിക്കണം.
രാമചന്ദ്രൻ
എറണാകുളം കരയോഗം സെക്രട്ടറി