പെരുമ്പാവൂർ: ഓർമ്മകളിലെ പഴയകാല ഉപകരണങ്ങൾ കണ്ടെത്തി അവയ്ക്ക് ജീവൻ നൽകി പുതുമ കണ്ടെത്തുന്ന അങ്കമാലി കറുകുറ്റി സ്വദേശി സുനിൽകുമാർ ആന്റിക് കളക്ഷനിൽ വ്യത്യസ്ഥനാകുകയാണ്. ആന്റിക് കളക്ഷൻ ഹോബി ആണെങ്കിലും മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളോടാണ് കൂടുതൽ പ്രിയം. മണ്ണെണ്ണ വിളക്കിന്റെ ചൂടിൽ പ്രവർത്തിക്കുന്ന റേഡിയോ ആണ് കളക്ഷനിലെ ഇപ്പോഴത്തെ താരം. വർഷങ്ങളുടെ തീവ്രവമായ അന്വേഷണത്തിന്റെയും ആഗ്രഹത്തിന്റെയും ഫലമായിട്ടാണ് ഒരെണ്ണം സ്വന്തമാക്കാൻ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു.
1920 കളിൽ റഷ്യൻ ഗ്രാമങ്ങളിൽ തെർമൽ ഇലക്ട്രിസിറ്റി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കെറോസൻ റേഡിയോ മോസ്‌ക്കോയിൽ ഉണ്ടാക്കി കറന്റ് ഇല്ലാത്ത ഗ്രാമങ്ങളിൽ ഉപയോഗിച്ചിരുന്നു. വിളക്കിന് മുകളിൽ ഘടിപ്പിച്ചിട്ടുളള തെർമോ കപ്പിൾസ് ചൂടാക്കി തണുപ്പിക്കുമ്പോൾ ഉണ്ടാകുന്ന കറന്റാണ് റേഡിയോ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇതിനെ ''സിബെക് ഇഫക്ട്'' എന്നാണ് അറിയപ്പെടുന്നത്. 1821കളിലാണ് സിബെക് ഇഫക്ട് കണ്ടു പിടിച്ചത്. ഈ വിളക്കിനും വിളക്കിൽ ഉപയോഗിക്കുന്ന ചിമ്മിനിക്കും പ്രത്യേകതയുണ്ട്. പ്രത്യേകം ഡിസൈൻ ചെയ്ത് ഊതിവീർപ്പിച്ച് ഉണ്ടാക്കി എടുത്തിട്ടുളളതാണ് ചിമ്മിനി.
മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന അനവധി പഴയകാല ഉപകരണങ്ങൾ ശ്രീലങ്ക, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 18ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടവയാണ് ഇവയെല്ലാം. ഉത്പാദനം നിലച്ച് പോയതും കാലഹരണപ്പെട്ടതും ആയതുകൊണ്ട് ഇവയെല്ലാം വർക്കിംഗ് കണ്ടീഷനാക്കി എടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഈ കളക്ഷൻ ഹോബിക്ക് ഇടയിലും സംഗീതത്തിനോടും അതിയായ താത്പര്യമുണ്ട് സുനിൽകുമാറിന്. കഴിഞ്ഞ അഞ്ച് വർഷമായി സംഗീതജ്ഞൻ കലഞ്ഞൂർ ഡി.വിശ്വനാഥന്റെ കീഴിൽ പുല്ലാങ്കുഴലും അഭ്യസിക്കുന്നുണ്ട് സുനിൽകുമാർ.