അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പ്രദേശത്തുള്ള ഏഴ് പി.എച്ച്.സികളും കാലടി സി.എച്ച്.സിയുമായി കൈകോർത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ആദ്യഘട്ടമായി എട്ടുലക്ഷം രൂപ ചെലവിൽ പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ കോൺസെൻട്രേറ്റർ എന്നിവ പി.എച്ച്.സികൾ വഴി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. വാർഡ് സാനിറ്റൈസേഷൻ, പി.പി.ഇ കിറ്റ് വിതരണം, മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന എന്നിവ അടുത്തഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്. ബ്ലോക്ക് പ്രദേശം മുഴുവനും ആംബുലൻസ് സേവനം, കാലടി
സംസ്‌കൃത സർവകലാശാലയിലെ എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ പങ്കാളിത്തത്തോടെ സൗജന്യ ടെലികൗൺസലിംഗ് എന്നീ സേവനങ്ങളും നടപ്പാക്കാൻ ലക്ഷ്യമിടുന്നു. കൊവിഡിന്റെ അതിവ്യാപനത്തെത്തുടർന്ന് ചേർന്ന അടിയന്തരയോഗത്തിലാണ് തീരുമാനമെടുത്തത്. ബ്ലോക്ക് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.ഒ. ജോർജ്, സ്ഥിരംസമിതി അംഗങ്ങളായ ഷിജി ജോയി, മനോജ് മുല്ലശേരി, സരിത സുനിൽ, ബ്ലോക്ക് അംഗങ്ങൾ, സെക്രട്ടറി എം. ബൈജു എന്നിവർ പങ്കെടുത്തു.