pic
വിവേകാനന്ദ വിദ്യാലയത്തിൽ ബെഡുകൾ തയാറാക്കി ഇട്ടിരിക്കുന്നു

കോതമംഗലം: കോതമംഗലം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ തങ്കളം വിവേകാനന്ദ വിദ്യാലയം കേന്ദ്രമാക്കി കൊവിഡ് ക്വാറന്റെയിൻ സെന്റർ തുറന്നു. സേവാഭാരതി ജില്ലാ കോ ഓഡിനേറ്റർ പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജലി സെന്ററിലെത്തി പ്രവർത്തനം വിലയിരുത്തി. നിലവിൽ 30 കിടക്കകളാണ് തയ്യാറായിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചാൽ കൊവിഡ് കെയർ സെന്ററായി പ്രവർത്തിക്കുവാനുമുള്ള എല്ലാവിധ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

താലൂക്ക് ആശുപത്രിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ എല്ലാ സഹായങ്ങളും പിന്തുണയുമുണ്ട്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്ക് തുറന്നു. മുഴുവൻ പൊതുകേന്ദ്രങ്ങളിലും എല്ലാ ജംഗ്ഷനുകളിലും അണുനശീകരണവും ശുചീകരണ പ്രവർത്തങ്ങളും നടത്തിവരുന്നു. സേവാഭാരതി പ്രവർത്തകർ കൊവിഡ് വാക്സിനേഷന് മുൻപ് ഐ.എം .എയും മറ്റ് ബ്ലഡ് ബാങ്കുകളുമായി സഹകരിച്ച് രക്തദാനവും നടത്തുന്നു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഗവൺമെന്റ് ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കുന്നു. സേവാഭാരതിയുടെ ആംബുലൻസ് സർവീസും ആരംഭിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കർമ്മസേനകളും രൂപീകരിച്ചു.