600 ഓക്സിജൻ കിടക്കകൾ ഒരുക്കും
കിഴക്കമ്പലം: കൊച്ചി ബി.പി.സി.എൽ കുഴിക്കാട്ടിൽ 600 ഓക്സിജൻ കിടക്കകളോടുകൂടിയ എഫ്.എൽ.ടി.സി ആരംഭിക്കും. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കൊവിഡ് രോഗികൾക്ക് പ്രയോജനപ്പെടുന്ന വിധമാണ് സെന്റർ സജ്ജീകരിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാമെന്ന് മാനേജ്മെന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിയുക്ത എം.എൽ.എ പി.വി ശ്രീനിജിന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഭൂരിഭാഗം പഞ്ചായത്തുകളിലും രോഗവ്യാപനത്തിന്റെ തീവ്രത കൂടുതലാണ്. വിവിധ പഞ്ചായത്തുകളിൽ തുടങ്ങുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനും എഫ്.എൽ.ടി.സികൾക്കാവശ്യമായ മരുന്നുകൾ വിതരണം ചെയ്യണമെന്നുള്ള നിയുക്ത എം.എൽ.എയുടെ ആവശ്യം കമ്പനി അനുഭാവപൂർവം പരിഗണിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന,ജനറൽ മാനേജർ ജോർജ് തോമസ്, കുര്യൻ ആലപ്പാട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.