കാലടി: സംവരണ വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് എസ്.ആർ.വി.സി.എസ് (ശ്രീരാമവിലാസം ചവളർ സൊസൈറ്റി )സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.പി.വി. പീതാംബരൻ പറഞ്ഞു. സാമൂഹികനീതി ഉറപ്പുവരുത്തുവാൻ സാമുദായിക സംവരണം അനിവാര്യമാണ്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കക്കാർക്ക് അനുവദിച്ച സംവരണം ശരിയായ പഠനത്തിലൂടെയല്ല നടപ്പിലാക്കുവാൻ തീരുമാനിച്ചത്. സംവരണം അമ്പതുശതമാനം കവിയുന്നത് മെറിറ്റിനെ ബാധിക്കും. ശാസ്ത്രീയ, സാമൂഹ്യപഠനം നടത്താതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി അധികാരികൾ സംവരണ വിഷയത്തെ സമീപിക്കുന്നത് തെറ്റായ സന്ദേശം ജനങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗനിയമനത്തിലും വിദ്യാഭ്യാസ പ്രവേശനത്തിലും മെറിറ്റിന് അർഹമായ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.