മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധവും സത്യഗ്രഹവും നടത്തി. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ സമരപ്പന്തൽ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും ചെയ്തു. പൊട്ടിക്കിടക്കുന്ന പൈപ്പുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കാമെന്നും വാൽവുകൾ ക്രമമായി തുറക്കുന്നതിനുള്ള ഉത്തരവാദിത്വം വാട്ടർ അതോറിറ്റി ഏറ്റെടുക്കാമെന്നും വെള്ളം ഊറ്റുന്നവർക്കെതിരെ കർശനമായ നടപടിഎടുക്കാമെന്നും അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സാബു ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോളി, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ജെയിസ് ജോൺ, രതീഷ് ചങ്ങാലിമറ്റം, ഹബിൻ ഷാജി, ജെയിൻ ജെയ്‌സൺ, അക്ഷയ് ടി.ടി എന്നിവർ സംബന്ധിച്ചു.