മൂവാറ്റുപുഴ: കാറിടിച്ച് വഴിയിൽക്കിടന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മാതൃകയായി. ഇന്നലെ രാവിലെ എട്ടോടെ മൂവാറ്റുപുഴ - വാളകം റോഡിൽ മേക്കടമ്പ് പള്ളിത്താഴത്തായിരുന്നു അപകടം. കാവന സ്വദേശിയും കൊച്ചിൻ റിഫൈനറി ജീവനക്കാരനുമായ താഴത്തേൽ നീതീഷ് ജോർജിനാണ് പരിക്കേറ്റത്. ഈ സമയം ജില്ലാ പഞ്ചായത്തിലേക്ക് പോകാൻ ഇതുവഴിവന്ന ഉല്ലാസ് തോമസ് യുവാവ് റോഡിൽ കിടക്കുന്നത് കണ്ടു. തുടർയാത്ര ഒഴിവാക്കി അദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വേണ്ട സൗകര്യങ്ങളും ഏർപ്പാടാക്കി. അപകടവിവരം യുവാവിന്റെ ബന്ധുക്കളെയും അറിയിച്ചു.

അപകടത്തിൽപെട്ട് റോഡിൽ കിടന്ന തന്നെ വഴിയിൽ ഉപേക്ഷിച്ച് പോവാതെ ആശുപത്രിയിൽ എത്തിക്കുകയും ബന്ധുക്കളെത്തുംവരെ കൂടെനിന്ന് പരിചരിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് യുവാവും കുടുംബവും നന്ദി പറഞ്ഞു.