മൂവാറ്റുപുഴ: ഒരാഴ്ച മരത്തിൽ കുടുങ്ങിക്കിടന്ന പൂച്ചയ്ക്ക് യുവാക്കൾ രക്ഷകരായി. മുളവൂർ വടവൂർ ദിവാകരന്റെ മാവിൻ മുകളിലാണ് പൂച്ച കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച യുണ്ടായ കാറ്റിൽ വീണ മാമ്പഴം പെറുക്കുന്നതിനായി ദിവാകരൻ മാവിൻ ചുവട്ടിൽ എത്തിയിരുന്നു. ഈ സമയം പൂച്ചയെ കണ്ടങ്കിലും കാര്യമായി ശ്രദ്ധിച്ചില്ല . കഴിഞ്ഞ ദിവസം വീണ്ടും മാവിൻ ചുവട്ടിൽ എത്തിയപ്പോഴാണ് അവശ നിലയിൽ പൂച്ചയെ മരത്തിന് മുകളിൽ കണ്ടത്. ഇതോടെ പൂച്ച മരത്തിന് മുകളിൽ കുടുങ്ങിയതാണന്ന് മനസിലാക്കി പൊതുപ്രവർത്തകരായ അജാസ് സ്രാമ്പിക്കൽ, ഷാഹുൽ വെട്ടിയാംകുന്നേൽ, ബി.എ.കരീം ബ്ലായിക്കുടി എന്നിവരെ അറിയിച്ചു. വിവരമറിഞ്ഞ് പൂച്ചയുടെ ഉടമ കീത്തടത്തിൽ കെ.ബി. ഷംസുദീനും സ്ഥലത്തെത്തി. ഒരാഴ്ച മുമ്പ് കാണാതായ പൂച്ചയാണിതെന്നും രാത്രിയിൽ തെരുവ് നായ്ക്കൾ ഓടിച്ചതിനെ തുടർന്ന് ഭയന്ന് മരത്തിൽ കയറിയതാകാമെന്നും ഷംസുദ്ദീൻ പറഞ്ഞു. തുടർന്ന് പ്രദേശവാസിയായ മുഹമ്മദ് മരത്തിന് മുകളിൽ കയറി കയറും ചാക്കും ഉപയോഗിച്ച് പൂച്ചയെ താഴെയിറക്കി.