kidangoor-venu
ഇലത്താളം തേച്ചുമിനുക്കുന്ന വാദ്യകലാകാരൻ കിടങ്ങൂർ വേണു

ആലുവ: കൊവിഡിന്റെ രണ്ടാംതരംഗവും പിടിമുറുക്കിയതോടെ വാദ്യകലാകാരന്മാരുടെ ജീവിതത്തിന്റെ താളംതെറ്റി. പ്രളയത്തെത്തുടർന്ന് ഉത്സവാഘോഷങ്ങൾ കുറഞ്ഞതോടെ ആരംഭിച്ച ദുരിതകാലം കൊവിഡിന്റെ ഒന്നും രണ്ടും തരംഗം കൂടിയായതോടെ ഇരട്ടിയായി.

കേരളത്തിലെ ക്ഷേത്രോത്സവങ്ങളും പൂരങ്ങളുമാണ് വാദ്യകലാകാരൻമാരുടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്.

ഒരു വർഷത്തിലേറെയായി കൊവിഡ് മഹാമാരിയെ തുടർന്ന് ക്ഷേത്രോത്സവങ്ങൾ ഇല്ലാതായത് കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് വാദ്യകലാകാരൻമാരുടെ ജീവിതം പൂർണമായി വഴിമുട്ടിച്ചു. 2020, 2021 ഉത്സവ സീസണുകൾ പൂർണമായി നഷ്ടപ്പെട്ട അവർ തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. സാധാരണയായി ജനുവരി മുതൽ മേയ് വരെയുള്ള അഞ്ചുമാസമാണ് വാദ്യകലാകാരൻമാർക്ക് തൊഴിൽ സീസൺ. വരുമാനമാർഗങ്ങളടഞ്ഞ വാദ്യകലാകാരൻമാരിൽ ഭൂരിഭാഗവും നിത്യജീവിത ചെലവുകൾക്ക് കഷ്ടപ്പെടുന്നവരാണ്. അഞ്ച് മാസത്തെ പരിപാടികളുടെ വരുമാനംകൊണ്ട് വർഷം മുഴുവൻ തള്ളിനീക്കേണ്ടവരായ ഇവരുടെ ജീവിതദുരിതം ആരുമറിയുന്നില്ല.

വരുമാനമില്ലാത്തതിനാൽ കടംവാങ്ങാൻപോലും കഴിയില്ല. തിരിച്ചടവിന് മാർഗമില്ലാത്തവർക്ക് ആര് വായ്പ നൽകും. ഒരു വർഷത്തെ നിശ്ചലാവസ്ഥയ്ക്ക് മാറ്റംവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് കൊവിഡ് രണ്ടാംതരംഗം ആദ്യത്തേതിനേക്കാൾ ശക്തമായത്. ആളൊഴിഞ്ഞ അരങ്ങുകൾ നിശ്ചലമാക്കിയത് കലാകാരൻമാരുടെ ജീവിതങ്ങളെയാണ്.