വൈപ്പിൻ: ഒന്നരവർഷം മുമ്പ് വീതികൂട്ടി നിർമ്മാണം ആരംഭിച്ച എടവനക്കാട് ഇക്ബാൽ റോഡിന്റെ നിർമ്മാണം എങ്ങുമെത്തിയില്ല. വൈപ്പിൻ കരയിലെ ആദ്യപഞ്ചായത്ത് റോഡുകളിൽ ഒന്നാണിത്. സംസ്ഥാന സർക്കാർ രണ്ടുകോടി വകയിരുത്തി നിർമ്മാണം ആരംഭിച്ച റോഡിനാണ് ഈ ദുർഗതി. എട്ടുമീറ്റർ വീതിയിൽ ഒന്നരകിലോമീറ്റർ റോഡ് നിർമ്മിക്കാനാണ് പദ്ധതി. ഇതിൽ ഒരു കിലോമീറ്റർ പണികഴിഞ്ഞു. ബാക്കി കിഴക്കോട്ട് സംസ്ഥാനപാത വരെയുള്ള റോഡ് പണിയാൻ വീതി കൂട്ടുന്നതിന് ഉടമകൾ സ്ഥലം വിട്ടുനൽകാത്തതാണ് പണി പാതിവഴിയിലാകാൻ കാരണം. മുൻ എം.എൽ. എ യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾ നടത്തിയെങ്കിലും ഏതാനും സ്ഥലം ഉടമകളുടെ പിടിവാശികാരണം പണി മുന്നോട്ടുനീക്കാനാവാത്ത അവസ്ഥയാണ്.