vaccine
ആലുവ ജില്ലാ ആശുപത്രി രക്തബാങ്കിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ നിര

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ വാക്സിൻ വിതരണ കേന്ദ്രത്തിൽ തിരക്കോട് തിരക്കായിരുന്നു. നഗരസഭാ പരിധിയിലെ നാല് വാർഡുകളിൽപ്പെട്ടവർക്ക് രണ്ടാംഘട്ട വാക്സിൻ വിതരണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പട്ടികയിലില്ലാത്ത രണ്ട് വാർഡുകളിൽപ്പെട്ടവരെക്കൂടി അവസാനനിമിഷം കൂട്ടിച്ചേർത്തതും സമീപ പഞ്ചായത്തുകളിൽ നിന്നെത്തിയവർക്ക് സ്പോട്ട് രജിസ്ട്രേഷൻ അനുവദിച്ചതുമാണ് ക്യൂനീളാൻ കാരണം.

ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്റെ ഒന്നാംനിലയിലാണ് വാക്സിനേഷൻ നൽകിയിരുന്നത്. മുതിർന്ന പൗരന്മാരും കിടപ്പ് രോഗികളുമെല്ലാം ഉൾപ്പെടെ തിരക്കിനിടെ കോണിപ്പടി കയറിപ്പോകേണ്ടി വന്നതും ദുരിതമിരട്ടിയാക്കി. തിരക്ക് കൂടിയതോടെ നഗരസഭാ കൗൺസിലർ കെ. ജയകുമാറിന്റെയും പൊതുപ്രവർത്തകൻ രഞ്ജു ദേവസിയുടെയും നേതൃത്വത്തിലാണ് ആളുകളെ നിയന്ത്രിച്ചത്. എന്നിട്ടും പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തേണ്ടി വന്നു.

വാക്സിനേഷന് സൗകര്യമൊരുക്കാമെന്ന് നഗരസഭ

ജില്ലാ ആശുപത്രി രക്തബാങ്കിൽ തിക്കുംതിരക്കും രൂക്ഷമായ സാഹചര്യത്തിൽ നഗരവാസികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കാമെന്ന് ചെയർമാൻ എം.ഒ. ജോൺ ജില്ലാ കളക്ടറെ അറിയിച്ചു. മാസ് വാക്‌സിനേഷൻ നടത്താൻ ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കും.