ഒരാൾക്ക് പരിക്ക്
ആലുവ: ഗുഡ്സ് വണ്ടിയിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ യാത്രികൻ എതിർദിശയിൽ നിന്നു വന്ന ബൈക്കിലിടിച്ച് മറിഞ്ഞ് തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
കിഴക്കേ കടുങ്ങല്ലൂർ ഭുവനേശ്വരി ക്ഷേത്രത്തിന് പിൻവശം തണ്ടാംപാട്ട് വീട്ടിൽ സജീവൻ (56) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ അങ്കമാലി തുറവൂർ തോട്ടപ്പിള്ളിൽ ജോബി (41) യെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ സജീവനെയും കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ കിഴക്കേ കടുങ്ങല്ലൂർ വളഞ്ഞമ്പലത്തിന് സമീപം ശ്രീനാരായണ ഫർണിച്ചർ മാർട്ടിന് മുന്നിലായിരുന്നു അപകടം. ദുബായിലായിരുന്ന സജീവൻ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. തുടർന്ന് ഇലക്ട്രിക്കൽ കരാർ ജോലി ചെയ്യുകയായിരുന്നു. മുപ്പത്തടം ജൻഔഷധിയിൽ മരുന്ന് വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം. ആലുവ താലൂക്ക് വ്യവസായ ഓഫീസിലെ എക്സ്റ്റൻഷൻ ഓഫീസറാണ് പരിക്കേറ്റ ജോബി.
പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ നിന്ന് മിനി ഗുഡ്സ് വണ്ടി ഇടിച്ചതാണെന്ന് പറയപ്പെടുന്നു. ആലുവ ജില്ലാ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദീർഘനാൾ എസ്.എൻ.ഡി.പി യോഗം കിഴക്കേ കടുങ്ങല്ലൂർ ശാഖാ പ്രസിഡന്റായിരുന്ന ബിന്ദു (എൽ.ഐ.സി ഏജന്റ്) വാണ് സജീവന്റെ ഭാര്യ. മക്കൾ: വിഷ്ണു (സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരൻ), അശ്വിൻ (എസ്.എസ്.എൽ.സി).