കൊച്ചി: പശ്ചിമബംഗാളിലെ കൂട്ടക്കുരുതിക്ക് എതിരെ ബി.ജെ.പി ഓൺലൈൻ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ് ബംഗാളിൽനിന്ന് കേൾക്കുന്നതെന്ന് ഡോ. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ കൂട്ട പലായനം ചെയ്യുന്നു. എതിർ ചേരിയിലുള്ളവരെ ക്രൂരമായി കൊന്നൊടുക്കുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നു. അന്വേഷിക്കാൻ ചെന്ന കേന്ദ്രമന്ത്രിപോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ്. ദൗർഭാഗ്യവശാൽ കേരളത്തിലെ സാംസ്കാരിക നായകന്മാരെല്ലാം കുറ്റകരമായ മൗനത്തിലാണ്. ഉത്തരേന്ത്യയിലെ കൊച്ചു സംഭവങ്ങളിൽ പോലും കൂട്ടമായി പ്രതികരിക്കുന്നവർ ഇന്ന് വായ് തുറക്കുന്നില്ല - രാധാകൃഷ്ണൻ പറഞ്ഞു.
ബംഗാളിന്റെ കണ്ണീരൊപ്പാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് സാംസ്കാരിക, സാമൂഹ്യ നായകരുടെ ഈ കൂട്ടായ്മയെന്ന് എസ്. ജയകൃഷ്ണൻ പറഞ്ഞു.
വെണ്ണല മോഹൻ, ഐ.എസ്. കുണ്ടുർ, ലക്ഷ്മി നാരായൺ,സൗമ്യ സതീഷ്, തിയ്യാടി രാമൻ നമ്പ്യാർ, രാമഭദ്രൻ തമ്പുരാൻ, സതീഷ് ബാബു, എം.ഡി ദിവാകരൻ, കെ.വി.എസ്. ഹരിദാസ്, വേണു ജി. നായർ, ശ്രീകുമാർ കാവിൽ, ഡോ. രാജൻ നമ്പ്യാർ, ഡോ. രഘുനന്ദൻ, ഓമന മോഹൻ എന്നിവർ പങ്കെടുത്തു. ബി.ജെ.പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. എസ്. ഷൈജു സ്വാഗതവും എം.എ. ബ്രഹ്മരാജ് നന്ദിയും പറഞ്ഞു.