savebangal

കൊച്ചി: ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത സേവ് ബംഗാൾ ദിനം പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചും പ്ലക്കാർഡുകളുയർത്തിയും പ്രതിഷേധം അറിയിച്ചു. സംഘ പരിവാർ സംഘടനാ കാര്യാലയങ്ങളിലും വീടുകളിലും ആയിരങ്ങൾ പങ്കാളികളായി. കലാസാംസ്ക്കാരിക രംഗങ്ങളിലുള്ളവരും പ്രതിഷേധത്തിൽ പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോർ ദിനത്തിൽ നടന്ന പ്രതിഷേധം ഗീതാഞ്ജലി ആലാപനത്തോടെയാണ് ആരംഭിച്ചത്.ജില്ലയിൽ ആലുവ കേശവ സ്മൃതിയിൽ നടന്ന സേവ് ബംഗാൾ പരിപാടിയിൽ ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി അംഗം സി.കെ.ചന്ദ്രൻ ആമുഖഭാഷണം നടത്തി. ബംഗാളിൽ നടക്കുന്ന നരനായാട്ട് മമതയുടെ മൗനാനുവാദത്തോടെയുള്ള ആസൂത്രിതമായ ഹിന്ദു വംശഹത്യയാണെന്ന് അദ്ദേഹം ആരോപിച്ചു. മതപരമായി ബംഗാളിനെ വിഭജിക്കാനുള്ള നീക്കമാണിത്. അദ്ദേഹം പറഞ്ഞു.ആർ.എസ്.എസ് നേതാക്കളായ കെ.സദൻകുമാർ, പി.കെ.രാജീവ്, ടി.ആർ.രാജൻ, സി.ഐ.വിപിൻ, എ.രഞ്ജുകുമാർ, പി.സുഭാഷ്, സി.ജി.മുരളി എന്നിവർ പങ്കെടുത്തു. സാംസ്കാരിക നായകരും ഭാഗമായി. അധികാരഭ്രമം മൂത്ത ഭരണാധികാരിയുടെ കീഴിൽ ബംഗാളിൽ അരാജകത്വമാണ് നടമാടുന്നതെന്ന് ഗാന രചയിതാവ് ആർ.കെ.ദാമോദരൻ എറണാകുളത്ത് പറഞ്ഞു. സംസ്കാരമെന്തെന്ന് അറിയാത്തവരാണ് കേരളത്തിലെ സാംസ്കാരിക നായകരെന്ന് സാഹിത്യകാരൻ കെ.എൽ.മോഹനവർമ്മ പറഞ്ഞു. ലക്ഷ്മി നാരായൺ ,കെ.സതീഷ് ബാബു, പി.വി.അതികായൻ, പി.കെ.സതീഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.