കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഇന്നലെ തിരക്കും ബഹളവുമുണ്ടായി. പുലർച്ചെ നാലുമുതൽ തന്നെ രണ്ടാം ഡോസിനായി ആളുകൾ എത്തി ക്യൂ നിന്നതാണ് പ്രശ്നമായത്. ഒമ്പതുമണിക്കു ശേഷം ജീവനക്കാരെത്തി ടോക്കൺ നൽകുമ്പോഴേക്കും വലിയ ക്യൂ രൂപപ്പെട്ടു. ഇതിനിടെ ആശുപത്രിയിലെ ഒരു ജീവനക്കാരൻ രണ്ട് കൂപ്പൺ വാങ്ങി ക്യൂവിൽ നിന്ന ബന്ധുക്കൾക്ക് നൽകിയത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാക്കുതർക്കവും ബഹളവും രൂക്ഷമായി. പൊലീസും ഇടപെടേണ്ടി വന്നു. ഒടുവിൽ ആശുപത്രി സ്റ്റാഫ് തന്നെ രംഗത്തിറങ്ങി രണ്ട് കൂപ്പണും തിരികെ വാങ്ങിയാണ് പ്രശ്നം തൽക്കാലം പരിഹരിച്ചത്.
അസാധാരണമായ തിരക്കാണ് വാക്സിനേഷന് ഉണ്ടായതെന്ന് പൊതുപ്രവർത്തകനായ അലക്സാണ്ടർ ഷാജു പറഞ്ഞു.
രണ്ടാം ഡോസ് എടുക്കേണ്ട ദിവസം സംബന്ധിച്ചുള്ള പുതിയ നിർദ്ദേശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പൊതുവായ നിർദേശമില്ലാത്തതുമാണ് പലരും പുലർച്ചെയെത്തി തിരക്കു കൂട്ടുന്നതിനു കാരണം.
ഇന്നലെ ജില്ലയിലെ 82 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. ഓരോ കേന്ദ്രത്തിലും കോവിഷീൽഡിന്റെ 150 ഡോസാണ് ഉണ്ടായിരുന്നത് . ഇതിൽ 30 എണ്ണം ആദ്യ ഡോസ് എടുക്കുന്നവർക്കും 120 എണ്ണം രണ്ടാം ഡോസ് എടുക്കുന്നവർക്കുമാണ് ക്രമീകരിച്ചത്.
ആരോപണങ്ങൾ അടിസ്ഥാനരഹിതം
കഴിഞ്ഞ രണ്ടു ദിവസം വാക്സിനേഷൻ ഇല്ലാതിരുന്നതിനാൽ സ്വഭാവികമായും തിരക്ക് കൂടുതലായിരുന്നു. 9.30 മുതൽ ടോക്കൺ നൽകി. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ആരോഗ്യപ്രവർത്തകരും മനുഷ്യരാണെന്ന കാര്യം ഓർമ്മിക്കണം.
ഡോ.അനിത
എറണാകുളം ജനറൽആശുപത്രി സൂപ്രണ്ട്