കൊച്ചി: എറണാകളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വാർഡിൽ ആരംഭിക്കുന്ന കൊവിഡ് വാർഡിലേക്ക് താൽക്കാലിക നഴ്സുമാരുടെയും അറ്റൻഡർമാരുടെയും അഭിമുഖത്തിന് വൻ തിരക്ക്. ഇന്നലെ മഹാരാജാസ് കോളേജിലായിരുന്നു ഇന്റർവ്യൂ. തിരക്കേറിയപ്പോൾ കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഉദ്യോഗാർത്ഥികളെ നിയന്ത്രിച്ചു.
250 ഓളം പേർ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തി. 125ൽ പരം ഒഴിയുണ്ട്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ആണ് നിയമനങ്ങൾ നടത്തുന്നത്.
സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലെ ആദ്യസൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കാണിത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇവിടെ 100 ബെഡുള്ള കൊവിഡ് വാർഡ് ഒരുക്കുകയാണ്. അടുത്ത ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും.
ജനറൽ ആശുപത്രിയിലെ ട്രോമ കെയർ വാർഡിലാണിപ്പോൾ നൂറോളം കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. ഇവരെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി വാർഡിലേക്ക് മാറ്റും.