മൂവാറ്റുപുഴ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ മാസ്കിന് വില വർദ്ധിപ്പിച്ച് കമ്പനികൾ ജനങ്ങളെ പിഴിയുന്നു. നേരത്തേതിൽ നിന്ന് നാലുമുതൽ അഞ്ചിരട്ടിവരെയാണ് ഇപ്പോൾ മാസ്കുകളുടെ വില. മെഡിക്കൽ ഷോപ്പുകളിൽ രണ്ട് രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്കിന് ഇപ്പോൾ പത്തുരൂപ വരെ വില ഉയർന്നു. ആറ് രൂപയുടെ മാസ്കിന് 12 രൂപ മുതൽ 15 രൂപ വരെയാണ് വില. 12 രൂപയുടെ മാസ്കിന് 16 രൂപയായി ഉയർന്നു. 18 രൂപയ്ക്ക് കിട്ടിയിരുന്ന മാസ്കിന്റെ വില 23 രൂപയായി . 30 രൂപയ്ക്കു ലഭിച്ചിരുന്ന മാസ്കിന് 40 രൂപയ്ക്കും മുകളിലാണ് വില.

ബനിയൻ തുണികൊണ്ടും തുണികൊണ്ടും നിർമിച്ചിരിക്കുന്ന മാസ്കുകൾക്ക് തോന്നുംപോലെയാണ് വില വാങ്ങുന്നത്. രാജ്യാന്തര ബ്രാൻഡുകളുടെ പേരിലും ജനശ്രദ്ധ ആകർഷിച്ച കമ്പനികളുടെ ലോഗോ ഉപയോഗിച്ചും പുറത്തിറങ്ങുന്ന വ്യാജമാസ്കുകളാണ് തോന്നുന്ന വിലയ്ക്ക് വിൽക്കുന്നത്. എം.ആർ.പി വില രേഖപ്പെടുത്താത്ത കവറുകളായതിനാൽ വില്പനക്കാരൻ സൗകര്യമുള്ള വിലയാണ് ഈടാക്കുന്നത്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാസ്കിനുണ്ടായിരുന്ന വില പിന്നീട് കമ്പനികൾ കുറച്ചിരുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാം വരവിലെ ഭീതി മുതലെടുത്താണ് കച്ചവടക്കാർ അമിതവില ഇൗടാക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.