lockdown
ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ മൂവാറ്റുപുഴ അരമനപ്പടി

മൂവാറ്റുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധ കർശനമാക്കിയതോടെ മൂവാറ്റുപുഴ നഗരവും സമീപ പഞ്ചായത്തുകളിലെ പ്രധാനകേന്ദ്രങ്ങളും നിശ്ചലമായി. മൂവാറ്റുപുഴ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഗോപകുമാർ എല്ലാ പ്രധാന കേന്ദ്രങ്ങളിലുമെത്തി പൊലീസിന്റെ പരിശോധന ഏകോപിപ്പിക്കുന്നു. പി.ഒ. ജംഗ്ഷൻ , അരമനപ്പടി, 130 ജംഗ്ഷൻ, കച്ചേരിത്താഴം, നെഹൃപാർക്ക്, വെള്ളൂർക്കുന്നം, കീച്ചേരിപ്പടി, മാർക്കറ്റ് ജംഗ്ഷൻ, വാഴപ്പിള്ളി കവല, പള്ളിപ്പടി, പായിപ്രകവല, തൃക്കളത്തൂർ, വാളകം ജംഗ്ഷൻ, പഞ്ചായത്തുപടി, അമ്പലംപടി, മാറാടി മണ്ണത്തൂർ കവല, മാറാടി ബാങ്ക് കവല, ആനിക്കാട്, അടൂപ്പറമ്പ്, വാഴക്കുളം, മടക്കത്താനം, അച്ചൻകവല, കാലാമ്പൂര്, ആയവന പഞ്ചായത്തുപടി, കല്ലൂർക്കാട് എന്നിവിടങ്ങളിലെല്ലാം പൊലീസ് രംഗത്തുണ്ട്.

അത്യാവശ്യ സർവീസിനുമാത്രമുള്ള വാഹനങ്ങൾ കർശന പരിശോധനകൾക്കുശേഷമാണ് കടത്തിവിടുന്നത്. പ്രധാന ജംഗ്ഷനുകളെല്ലാം പൊലീസ് ബാരിക്കേഡുവെച്ച് അടച്ചിരിക്കുകയാണ്. അത്യാവശ്യ സർവീസിന് പോകുന്നവരെല്ലാം ഡബിൾ മാസ്‌ക് ധരിച്ചിട്ടുണ്ടോ, കൃത്യമായ യാത്രാ രേഖകൾ കൈവശമുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിച്ചുമാത്രമേ വിടുന്നുള്ളു.

മൂവാറ്റുപുഴ നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പായിപ്ര, വാളകം, മാരാടി, ആവോലി, ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന പഞ്ചായത്തുകളിലും എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. എന്നാൽ സന്നദ്ധസംഘടനകൾ കൊവിഡ് മാനദണ്ഡം പാലിച്ച് ആശുപത്രികളിലും കൊവിഡ് സെന്ററുകളിലും ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. ജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കുവാൻ തയ്യാറായതിനാൽ പൊലീസിന്റെ ജോലി എളുപ്പമായെന്ന് ഡിവൈ.എസ്.പി സനിൽകുമാർ സി.ജി പറഞ്ഞു.