dron

കളമശേരി: സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ജനം തെരുവിൽ ഇറങ്ങിയത് പൊലീസിന് പണിയായി. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ആളുകളെ പൊലീസ് തിരിച്ചയച്ചു. പഴം, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കോഴിക്കടയ്ക്കു മുന്നിലായിരുന്നു തിരക്ക് കൂടുതൽ . അന്യസംസ്ഥാന തൊഴിലാളികളായിരുന്നു കൂടുതലും. സാമൂഹ്യ അകലം പാലിച്ചു നിൽക്കാൻ പൊലീസ് കർശന നിർദേശം നൽകി.കളമശേരി പ്രീമിയർ , എച്ച്.എം.ടി. , ഇടപ്പള്ളി ടോൾ, ഏലൂരിലെ പാതാളം, മഞ്ഞുമ്മൽ , മേത്താനം പാലം,എന്നീ ജംഗ്ഷനുകളിൽ കർശനമായ പൊലീസ് പരിശോധനയുണ്ടായിരുന്നു. ഡ്രോൺ ഉപയോഗിച്ച് കളമശേരിയുടെ നാലു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തി. എന്നാൽ ഒരിടത്തും നിയമലംഘനം കണ്ടെത്താൻ കഴിഞ്ഞില്ല. ദേശീയ പാതയിൽ ആലുവ ഭാഗത്തുനിന്ന് വരുന്ന റോഡിൽ ബാരിക്കേഡുകൾ നിരത്തി രണ്ടുവരിയാക്കി. ഒന്നിലൂടെ ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസും, മറുഭാഗത്ത് രേഖകൾ പരിശോധിച്ച് മാത്രമാണ് കടത്തി വിടുന്നത്. നിയമ ലംഘനം നടത്തിയവർക്ക് പിഴ ഇടുകയും ചെയ്തു. പൊലീസിനൊപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്സും , സന്നദ്ധ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.