തൃപ്പൂണിത്തുറ: ലഹരികടത്തുകാ‌‌ർ ജാഗ്രതെ. നിങ്ങൾ ലഹരി കടത്താൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവ‌ർ എക്സൈസ് ഉദ്യോഗസ്ഥനായാൽ എന്തായിരിക്കും അവസ്ഥ. ഇനി ചെറുകിട വില്പനയ്ക്കാണെങ്കിൽ, വാങ്ങാൻ എത്തുന്നതും എക്സൈസുകാർ തന്നെയാണെങ്കിലോ? ജയിൽ ഉറപ്പാണ്. ഇങ്ങിനെ ജില്ലയിലെ ലഹരിക്കടത്തുകാരെ പൂട്ടിക്കെട്ടാൻ കച്ചമുറുക്കി ഇറങ്ങുകയാണ് എക്സൈസ്. ഇതിന്റെ ആദ്യപടിയായി ഷാഡോ സംഘത്തെ തൃപ്പൂണിത്തുറ എക്സൈസ് നിയോഗിച്ചു കഴിഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബീവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകളും അടച്ചതോടെ തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിതരണക്കാരും ഫ്ലാറ്റിലും വീടുകളിലും ആൾ താമസമില്ലാത്ത മേഖലകളിലും വ്യാജവാറ്റുകാരും തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാഡോ സംഘത്തെ കളത്തിൽ ഇറക്കിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിനാണ് ചുമതല.നേരത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കാമ്പിൽ നിന്നും നിരോധിത പുകയില ഉത്പന്നം പിടികൂടിയിരുന്നു. അതിനായി ബംഗാൾ സ്വദേശിയെ പോലെ തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ദിവസങ്ങളോളം ക്യാമ്പിൽ കഴിഞ്ഞിരുന്നു.ഭിക്ഷക്കാരനായി കടവരാന്തയിൽ ഉറങ്ങി മയക്കുമരുന്ന് മാഫിയായേയും നേരത്തെ കുടുക്കിയിട്ടുണ്ട്.