മൂവാറ്റുപുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ പായിപ്ര ഗ്രാമപഞ്ചായത്തിൽ എഫ്.എൽ.ടി.സിയും ഡൊമിസിലിയറി കെയർ സെന്ററും ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള പഞ്ചായത്തിൽ എഫ്.എൽ.ടി.സി ആരംഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷഅംഗങ്ങൾ തമ്മിൽ സംഘർഷം വരെ ഉണ്ടായി.
ജനസാന്ദ്രതയേറിയതും പാവപ്പെട്ടവരുമായ നിരവധി കുടുംബങ്ങളുള്ള പഞ്ചായത്തിൽ കൊവിഡ് രോഗികൾക്ക് വീടുകളിൽ സുരക്ഷിതമായി താമസിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് എഫ്.എൽ.ടി.സിയും ഡൊമിസിലറി കെയർ സെന്ററും ആരംഭിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടത് . വൈകിയാണെങ്കിലും പായിപ്ര ഗവ.യു.പി സ്‌കൂളിൽ എഫ്.എൽ.ടി.സിയും മുടവൂർ കമ്മ്യൂണിറ്റി ഹാളിൽ ഡി.സി.സിയും ആരംഭിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചു.
ഡോക്ടർമാരെയും നഴ്സുമാരെയും അനുവദിക്കുന്ന മുറയ്ക്ക് സെന്ററുകളുടെ പ്രവർത്തനം തുടങ്ങും . സെന്ററുകളിൽ രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിശ്ചിത അകലത്തിൽ ടോയ്ലെറ്റ് സൗകര്യം, അകത്തേക്ക് പ്രവേശിക്കുവാനും,പുറത്തേക്ക് ഇറങ്ങുവാനും വിപരീത ദിശയിലുള്ള വാതിലുകൾ, ആരോഗ്യപരിപാലകർക്ക് പ്രത്യേകസൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി. സൗജന്യ വാക്സിനേഷൻ പായിപ്ര പി.എച്ച്.സിയിൽ നടന്നുവരുന്നു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് കൊവിഡ് ടെസ്റ്റിന് പോകുന്നതിന് പഞ്ചായത്തിന്റെ ആംബുലൻസ് സൗകര്യവും ലഭ്യമാണ്.