കോലഞ്ചേരി:യജമാനൻ കൊവിഡ് ബാധിച്ച് മരിച്ചു. ബന്ധുക്കൾ രോഗബാധിതരായി ആശുപത്രിയിൽ. ഇതോടെ കൂട്ടിൽ തനിച്ചായ ടുട്ടുവെന്ന നായ്ക്കുട്ടന് സംരക്ഷണം ഒരുക്കി അനിമൽ ലീഗൽ ഫോഴ്സ്. കോലഞ്ചേരി ചെറുകുന്നത്ത് ജോണിന്റെ വീട്ടിലെ വളർത്തുനായയാണ് ടുട്ടു. വീട്ടിലെ ഒരംഗത്തെപോലെയാണ് പൊമേറിയൻ, ജെർമ്മൻഷെപ്പേഡ് ക്രോസ് വിഭാഗത്തിലുള്ള ടുട്ടുവിനെ ഇവർ വളർത്തിയിരുന്നത്. ഇക്കഴഞ്ഞ 3ന് കൊവിഡ് ബാധിച്ച് ജോൺ മരിച്ചു. തൊട്ടടുത്ത ദിവസം ഭാര്യ ആലീസിനും മകൾ ഡ്യൂമോൾക്കും രോഗം സ്ഥിരീകരിച്ചു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അയൽവാസികളും ബന്ധുക്കളും വീട്ടിലേക്ക് കടക്കാൻ മടിച്ചതോടെ ടുട്ടു മുഴുപ്പട്ടിണിയിലായി. മൂന്നു നേരം വിഭവസമൃദമായ ഭക്ഷണം കഴിച്ച് വിലസിനടന്ന ടുട്ടു ദിവസങ്ങൾക്കകം അവശനിലയിലായി.ടുട്ടുവിന്റെ അവസ്ഥ മനസിലാക്കിയ അയർലണ്ടിൽ ജോലി ചെയ്യുന്ന ജോണിന്റെ മകൻ ദീപക് അനിമൽ ലീഗൽഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഗൂഗിൾ വഴിയാണ് പെരുമ്പാവൂർ പുല്ലുവഴി ആസ്ഥാനമായ സംഘടനയെ കണ്ടെത്തിയത്. ഇതോടെ സംഘടനയുടെ കോലഞ്ചേരിയിലെ പ്രവർത്തകരായ എൻ.സി. സുരേഷും, ഡോണും ചേർന്ന് ടുട്ടുവിന്റെ സംരക്ഷണം ഏറ്റെടുത്തു. ഇവർ വീട്ടിലെത്തി കുളിപ്പിക്കുകയും കൂട് കഴുകി ഇഷ്ടമുള്ള ഭക്ഷണവും നല്കി. ടുട്ടുവും ഉഷാറായി. വീട്ടുകാർ ആശുപത്രിയിൽ നിന്നും തിരിച്ചെത്തും വരെ സംരക്ഷണം തുടരുമെന്ന് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ പറഞ്ഞു. കൊവിഡ് ബാധിതരുടെ വീടുകളിൽ ഇത്തരത്തിൽ വളർത്തുമൃഗങ്ങൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുന്നുണ്ടെങ്കിൽ പരിസരവാസികൾ ശ്രദ്ധിക്കണമെന്നും മറ്റു മാർഗമില്ലെങ്കിൽ അനിമൽ ലീഗൽ ഫോഴ്‌സിനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 8891740702