കൊച്ചി: ചേർത്തല തുറവൂർ മഹാക്ഷേത്രം നവീകരണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2018 സെപ്തംബർ 12ലെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതിയുടെ സഹകരണത്തോടെ നവീകരണം പൂർത്തിയാക്കണം. മേൽനോട്ടം വഹിക്കാൻ റിട്ട.ജസ്റ്റിസ് കെ.പദ്മനാഭൻ നായരെ കമ്മിഷനായി നിയമിച്ചിട്ടുണ്ട്.
2018 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഏഴിക്കോട് ശശി നമ്പൂതിരി നൽകിയ ഹർജിയാണ് പരിഗണിച്ചത്. ആദ്യം ഹർജി പരിഗണിക്കവേ ഫണ്ടില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ ഏറ്റെടുത്ത് നടത്താൻ തയ്യാറാണെന്ന് തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതി അറിയിച്ചു. തുടർന്നാണ് ഇവരുടെ സഹകരണത്തോടെ നവീകരണം പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്.