കൊച്ചി: ലോക്ക്‌ഡൗൺ മത്സ്യബന്ധന മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഗോശ്രീ കാളമുക്ക് ഫിഷിംഗ് ഹാർബറിൽ മാത്രം ദിനംപ്രതി 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. ഇവിടെ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നവരുടെയും അനുബന്ധ തൊഴിലാളികളുടെയുമടക്കം ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം വെള്ളത്തിലായി. കൊവിഡ് മഹാമാരി കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് മത്സ്യ വിപണന മേഖലയിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഈ ഹാർബർ മാനേജ്മെന്റിന് മാത്രം ദിനംപ്രതി 3.50 ലക്ഷത്തിന്റെ നഷ്ടമാണ്.
1.ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് 200 ലധികം ബോട്ടുകൾ
2.150 ലേറെ ചെറുവള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നു
3.30 ലധികം പേർ പോകുന്ന 40 ഇൻബോർഡ് വള്ളങ്ങൾ
4. യൂണിയനുകളുടെതുൾപ്പെടെ 200 തൊഴിലാളികൾ
5. 50 മൊത്ത വിതരണക്കാർ
6. കാലടി, ആലുവ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ വില്പന നടത്തുന്ന 1000 ഓളം ചെറുകിട മത്സ്യ വില്പനക്കാർ
7.ഇവർക്ക് പുറമെ ക്ലീനിംഗ് തൊഴിലാളികൾ, ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽ നിന്നും മത്സ്യം ഇറക്കുന്ന തൊഴിലാളികൾ, ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളികൾ, മറൈൻ കമ്പനികളിലെ തൊഴിലാളികൾ എന്നീ വിഭാഗങ്ങളും തൊഴിൽ രഹിതരാവും.
അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നവരാണ് മത്സ്യബന്ധന മേഖലയിലുള്ള സാധാരണക്കാർ. പൊതുവെ വെല്ലുവിളികൾ നേരിടുന്നതാണ് ഈ മേഖല. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട സ്കൂൾ വാഹന ഡ്രൈവർമാർ, ട്രാവൽസ് മേഖലയിലുള്ളവർ തുടങ്ങി നിരവധി പേരാണ് ഈ മേഖലയിലെത്തിയിരുന്നത്. ഒരു വട്ടി മീൻ വാങ്ങി വിറ്റാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതന്ന ഇവരുടെതുൾപ്പെടെ ജീവിതം വഴിമുട്ടി നിൽക്കുന്നു. സർക്കാർ തലത്തിൽ ഏതെങ്കിലും തരത്തിൽ സഹായം നൽകി മത്സ്യബന്ധന മേഖലയെ സഹായിക്കണം.
ബിജു
സെക്രട്ടറി
ഫിഷിംഗ് ഹാർബർ
ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘം
കാളമുക്ക് യൂണിറ്റ്