abdhul-latheef
അബ്ദുൾ ലത്തീഫ് ആംബുലൻസാക്കിയ മാറ്റിയ സ്കോർപ്പിയോക്ക് സമീപം

ആലുവ: കൊവിഡ് രോഗികളുടെ എണ്ണമേറിയതോടെ ആംബുലൻസ് ക്ഷാമം പരിഹരിക്കാൻ ലത്തീഫിന് മുന്നിൽ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളു. സ്വന്തം വാഹനത്തിൽ ആംബുലൻസ് സൗകര്യമൊരുക്കുക. ഭാര്യയ്ക്കും മകനും കൊവിഡ് ബാധിച്ചപ്പോൾ കടുങ്ങല്ലൂർ ഏലൂക്കര പടുവത്തിൽ അബ്ദുൾ ലത്തീഫ് ആംബുലൻസിനായി പ്രയാസപ്പെട്ടതോടെയാണ് സ്വന്തം സ്കോർപ്പിയോ ആംബുലൻസാക്കാൻ തീരുമാനിച്ചത്.

ഡ്രൈവർ സീറ്റിന് പിന്നിൽ മാറ്റംവരുത്തി ഒരാൾക്ക് കിടക്കാനും രണ്ടുപേർക്ക് ഇരിക്കാനും സൗകര്യമൊരുക്കി. തേങ്ങ ചില്ലറ വില്പനക്കാരനായ ലത്തീഫിന് കാര്യമായ വരുമാനമൊന്നുമില്ലെങ്കിലും നാടിന്റെ രക്ഷക്കായി തന്നാൽ കഴിയുന്ന സേവനം ചെയ്യുകയാണ്. ആംബുലൻസ് സർവീസ് സൗജന്യമായിരിക്കുമെന്നും ലത്തീഫ് പറയുന്നു. ലത്തീഫ് ഒന്നര പതിറ്റാണ്ടോളമായി സാമൂഹ്യസേവന രംഗത്ത് സജീവമാണ്. സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗമാണ്. ആംബുലൻസ് ആവശ്യക്കാർ 9846019358 എന്ന നമ്പറിൽ വിളിക്കണം.

ജില്ലയിൽ കൊവിഡ് ബാധിതർ ഏറെയുള്ള പഞ്ചായത്താണ് കടുങ്ങല്ലൂർ. നിലവിൽ 674 രോഗികളുണ്ട്. 34 പേർക്ക് ഇതിനകം ജീവഹാനി സംഭവിച്ചു. പഞ്ചായത്തും ആരോഗ്യപ്രവർത്തകരുമെല്ലാം ഇടപ്പെട്ട് പ്രതിരോധ പ്രവർത്തനം ഊർജിതമായി നടത്തുന്നുണ്ടെങ്കിലും വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ല.

പഞ്ചായത്തിലെ 18 -ാം വാർഡിൽ മാത്രം 71 രോഗികളുണ്ട്. 19ൽ 55ഉം 11ൽ 54ഉം രോഗികളുണ്ട്. ആറാംവാർഡിൽ മാത്രമാണ് 20ൽ താഴെ രോഗികളുള്ളത്. രോഗികൾ കൂടുതലായതിനാൽ കൊവിഡ് വാക്സിന്റെ വിതരണത്തിലും കടുങ്ങല്ലൂർ പഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്. മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ച് 7,000ത്തോളം പേർക്ക് വാക്സിൻ നൽകി. പല പഞ്ചായത്തുകളിലും 3,000 മുതൽ 5,000 പേർക്കാണ് വാക്സിൻ വിതരണം ചെയ്തിട്ടുള്ളത്.