മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ രംഗത്ത്. കൊവിഡ് പരിശോധനയ്ക്ക് പോകാൻ ബുദ്ധിമുട്ടനുഭവിക്കുന്ന നിർദ്ധനർക്ക് ആവശ്യമായ വാഹനസൗകര്യം, കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകൾ, ഭക്ഷ്യധാന്യക്കിറ്റുകൾ എന്നിവ ഉറപ്പാക്കുന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പം യുവജന സംഘടനകളും ഉൾപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനവുമുണ്ട്. ഫോൺ: 9846212519, 9995089939, 960595242. വീടുകളിൽ കൊവിഡ് പോസിറ്റീവായി കഴിയുന്ന ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടവർക്ക് ആവശ്യമായ സഹായം എത്തിക്കും.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കരുത്തായി ഒപ്പമുണ്ടാകുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. മണ്ഡലത്തിലെ വിവിധ പി.എച്ച്.സികളിലും സി.എഫ്.എൽ.ടിസികളിലും സന്ദർശനം നടത്തി. മൂവാറ്റുപുഴയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും അധികാരികളുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം കളക്ടറുമായി നടന്ന ഓൺലൈൻ കോൺഫറൻസിൽ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. അടിയന്തരമായി വാക്‌സിൻ എത്തിക്കേണ്ടതടക്കമുള്ള ആവശ്യങ്ങൾ കളക്ടറെ ബോദ്ധ്യപ്പെടുത്തി.