ആലുവ: രണ്ടാംഘട്ട കൊവിഡ് വ്യാപനംകൂടി രൂക്ഷമായപ്പോൾ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നൊരു വിഭാഗമാണ് വസ്ത്രവ്യാപാര മേഖല. വിഷു, റംസാൻ സീസണുകൾ ലക്ഷ്യമിട്ട് മുൻകൂറായി ശേഖരിച്ച ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് ചെറുതും വലുതുമായ വ്യാപാര ശാലകളിൽ കെട്ടിക്കിടക്കുന്നത്.

2018ലേയും 19ലേയും പ്രളയത്തിന് പിന്നാലെയാണ് കൊവിഡിന്റെ ഒന്നും രണ്ടും തരംഗമെത്തിയത്. പ്രളയം വന്നതും കൊവിഡ് പിടിമുറുക്കിയതുമെല്ലാം ഓണം, വിഷു, റംസാൻ, ഈസ്റ്റർ സീസണുകളിലായിരുന്നു. അതാത് കാലത്തിനനുസൃതമായ മോഡൽ വസ്ത്രങ്ങളാണ് കച്ചവടക്കാർ ശേഖരിക്കുന്നത്. മോഡലുകൾ അതാത് കാലഘട്ടങ്ങളിൽ വിറ്റഴിച്ചില്ലെങ്കിൽ ശേഖരിച്ച വസ്ത്രങ്ങൾ പെട്ടിയിൽ തന്നെയിരിക്കും. രണ്ട് പ്രളയകാലത്തും ഇത് നന്നായി അനുഭവിച്ചവരാണ് വസ്ത്രവ്യാപാരികൾ. കഴിഞ്ഞവർഷവും വിഷു, റംസാൻ കാലത്താണ് കൊവിഡ് പിടികൂടിയത്. ഇക്കുറിയും മാറ്റമുണ്ടായില്ല.

സീസൺ കച്ചവടം പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയും മറ്റുമെടുത്താണ് പലരും തുണിത്തരങ്ങൾ ശേഖരിക്കുന്നത്. കടകൾ തുറക്കാനാകാതെ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങുമ്പോൾ ആകെ പ്രതിസന്ധിയിലാകും. ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങളാണ് കടക്കെണിയിലായി അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. പലപ്പോഴും ജോലിക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണ്. അതിനാൽ സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

 വാടകയും തൊഴിൽനികുതിയും ഒഴിവാക്കണം

അടച്ചിട്ട കാലത്തെ പൂർണമായവാടകയും തൊഴിൽ നികുതിയുൾപ്പെടെയുള്ളവ മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കുക. ഒരു വർഷത്തേകെങ്കിലും വാടകയിനത്തിൽ ഇളവ് നൽകാൻ കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകുക, ബാങ്ക് ലോണിന് വർഷത്തേക്ക് പലിശ ഒഴിവാക്കുക, ചെറുകിട വ്യപാരികൾക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

എം.കെ. അബ്ദുൾ ഗഫൂർ,

പ്രസിഡന്റ്, കേരള ടെക്സ്റ്റൈൽസ് ആൻഡ്

ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോ.