കൊച്ചി:വൈറ്റിലക്കാരുടെ പ്രിയ നേതാവായിരുന്നു കെ.കെ ശിവൻ. കക്ഷി രാഷ്ട്രീയം നോക്കാതെ ആരോടും ഇടപെടുന്ന പ്രകൃതം. തർക്കവിഷയങ്ങളും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന നേതാവ്. സമരവേദികളിലെ നിറ സാന്നിദ്ധ്യം. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കണിശക്കാരൻ എന്നീ വിശേഷണങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം.ബാലസംഘത്തിലൂടെ ഇടത് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഡി.വൈ.എഫ്‌.ഐ എറണാകുളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, പാർട്ടി വൈറ്റില ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗവും സംസ്ഥാന ജനറൽ കൗൺസിൽ അംഗവുമാണ്. 2005 ൽകൊച്ചി നഗരസഭ കൗൺസിലറായി വൈറ്റില ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. വൈറ്റില മുൻ ലോക്കൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കോരു ആശാന്റെ പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് കിടപ്പ് രോഗികളെ സഹായിക്കുന്നതിൽ മുന്നിൽ നിന്നു. വൈറ്റിലയിലും പരിസരങ്ങളിലുമുണ്ടാകുന്ന എല്ലാ ജനകീയ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു.

ഇന്നലെ ഉച്ചയ്ക്ക് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തി.മേയർ അഡ്വ.എം.അനിൽകുമാർ,സി.പി.എം വൈറ്റില ഏരിയ സെക്രട്ടറി കെ .ഡി .വിൻസെന്റ് എന്നിവർ പങ്കെടുത്തു.