തൃക്കാക്കര: സംസ്ഥാന സർക്കാരിനു കീഴിലെ അച്ചടിശാലയായ കാക്കനാട് കെ.ബി.പി.എസിൽ കൊവിഡ് ഭീതിയെത്തുടർന്ന് ജീവനക്കാർ ജോലി താത്കാലികമായി നിർത്തി. ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് 16 വരെ ജോലിയിൽ നിന്നു വിട്ടുനിൽക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.കെ.ബി.പി.എസിൽ വിവിധ വിഭാഗങ്ങളിൽ 43 പേർക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് തൊഴിലാളികൾ നീങ്ങിയത്.ഇന്നലെ ഉച്ചയ്ക്ക് കെ.ബി.പി.എസ് സി.എം.ഡി സൂര്യ തങ്കപ്പനുമായി തൊഴിലാളി നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പ്രിന്റിംഗ് വിഭാഗത്തിൽ അടക്കം സാമൂഹിക അകലം പാലിച്ച് ജോലിചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. മേയ് 16 നു ശേഷവും ലോക്ക് ഡൗൺ നീണ്ടുപോകുകയാണെകിൽ പ്രദേശവാസികളായ തൊഴിലാളികളെ വച്ച് പാഠപുസ്തക അച്ചടി പൂർത്തിയാക്കുമെന്നും നേതാക്കൾ അറിയിച്ചു.കെ.ബി.പി.എസിൽ കൊവിഡ് പടരുന്ന സാഹചര്യം സർക്കാരിനെ അറിയിക്കുമെന്ന് സി.എം.ഡി നേതാക്കൾക്ക് ഉറപ്പ് നൽകി. എം.ഐ അബ്ദുൽ സലാം, പോൾ അജിത്ത് (സി.ഐ.ടി.യു), എം.എം മഹേഷ്, റെജി (ഐ.എൻ.ടി .യു.സി), സനൽ (എ.ഐ.ടി.യു.സി) എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.കെ.ബി.പി.എസിൽ വിവിധ വിഭാഗങ്ങളിലായി 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കെ.ബി.പി.എസിലെഭൂരിഭാഗം ജീവനക്കാരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്.