പെരുമ്പാവൂർ: കൊവിഡ് രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആദ്യമായി പെരുമ്പാവൂർ നഗരസഭ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നതായി മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അറിയിച്ചു. രോഗവ്യാപനം കൂടുന്നതിനാലും അടുത്തുള്ള പഞ്ചായത്തുകളിൽ നിന്ന് രോഗബാധിതർ പെരുമ്പാവൂർ നഗരസഭയുടെ കൊവിഡ് സെന്ററിനെ ആശ്രയിക്കുന്നതിനാലും നഗരസഭയുടെ ഇ.എം.എസ് ടൗൺ ഹാളിൽ ഓക്‌സിജൻ സൗകര്യങ്ങളോടുകൂടിയ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉടൻ ആരംഭിക്കും. ഇതിന്റെ അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിലാണ്. എൻ ആർ.എച്ച്.എമ്മിന്റെ ഔദ്യോഗിക അനുമതിയും ഉടൻ ലഭിക്കും. ജീവനക്കാരെയും വേഗത്തിൽ ലഭ്യമാക്കും.
ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ വാർഡുതല സമിതികൾ ചേർന്ന് കുടുംബശ്രീ വോളന്റിയർമാരുടെ നേതൃത്വത്തിൽ രോഗികൾക്ക് മരുന്ന് ലഭ്യമാക്കൽ, വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്നവർക്ക് ഭക്ഷണം ലഭ്യമാക്കൽ, കൊവിഡ് പ്രോട്ടോകോൾ പാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ട നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. കുടുംബശ്രീയുടെ കീഴിൽ രണ്ട് വനിതകളെ വാഹനസൗകര്യത്തോടെ പൊതുജനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭ അതിർത്തിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് മുഴുവൻ ഭക്ഷണം കൊടുക്കാൻ കുടുംബശ്രീയുടെ കീഴിലുള്ള ജനകീയ ഹോട്ടലിനെ ഏർപ്പെടുത്തിയിട്ടുണ്ട് .അയൽക്കൂട്ട സമിതിയും ഭക്ഷണമെത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നഗരസഭയിലെ കണ്ടെയിൻമെന്റ് സോണുകളിൽ കർശനമായ നിരീക്ഷണമാണ് നഗരസഭയും പൊലീസും ഏർപ്പെടുത്തിയിട്ടുള്ളത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.