ആലുവ: കൊവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ് ഈടാക്കുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ സി.പി.എം പരസ്യമായി രംഗത്തെത്തി. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാറാണ് സോഷ്യൽ മീഡിയയിലൂടെ ആശുപത്രിയുടെ അമിത ബില്ലിനെതിരെ പ്രതികരിച്ചത്.

കൊവിഡ് ചികിത്സയ്‌ക്കായി സി.പി.എം കൊടികുത്തുമല ബ്രാഞ്ച് അംഗം എ.ബി. ഇബ്രാഹിമിനെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 50,000 രൂപ അടയ്‌ക്കാൻ ആവശ്യപ്പെട്ടെങ്കിലും 25,000 രൂപയാണ് അടച്ചത്. ഒരു ഡ്രിപ്പ് കയറ്റിയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. അതിനാൽ അടുത്ത ദിവസം വിടുതൽ ചോദിച്ചു. അപ്പോൾ 850 രൂപ കൂടി അടയ്ക്കാൻ ആവശ്യപ്പെട്ട് ബിൽ കൊടുത്തു. കഴിഞ്ഞ മാസം 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആയുർവേദ ഡോക്ടർ ടിൻറു, 23ന് പ്രവേശിപ്പിക്കപ്പെട്ട പോഞ്ഞാശേരിയിലെ ഹംസ എന്നിവർക്കും ദുരനുഭവമുണ്ടായതായി ഉദയകുമാർ പറഞ്ഞു. ഈ സാഹചര്യത്തിൽ മറ്റാർക്കും ഇത്തരം അബദ്ധം പിണയാതിരിക്കാൻ പാർട്ടി പ്രവർത്തകർക്ക് ശ്രദ്ധയുണ്ടാകണമെന്നാണ് ഏരിയ സെക്രട്ടറിയുടെ വാട്സ് ആപ്പ് കുറിപ്പിൽ പറയുന്നു. ഈ കുറിപ്പ് വൈറലായതോടെ കൂടുതൽ പേർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തി.

ഒരു പനി ഗുളിക മാത്രം നൽകി 23 മണിക്കൂർ ചികിത്സിച്ചതിന് ഇതേ ആശുപത്രി ഈടാക്കിയത് 24,760 രൂപയാണെന്ന് ചിറ്റൂർ വടുതല സ്വദേശിനി സബിന സാജു പറഞ്ഞു. ഇതിനെതിരെ നോർത്ത് പൊലീസിൽ പരാതി നൽകിയതോടെ രാത്രി പണം ഓൺലൈനായി ആശുപത്രി അധികൃതർ തിരിച്ചയച്ചു. പറവൂർ സ്വദേശികളാണ് ആശുപത്രി വാടകയ്‌ക്കെടുത്ത് നടത്തുന്നത്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. രോഗികൾക്ക് എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതൊന്നും പരിശോധിക്കാതെ പോസ്റ്റിട്ട സി.പി.എം ഏരിയ സെക്രട്ടറിക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.