ആലുവ: അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യുന്നതിനുള്ള പൊലീസ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റൂറൽ ജില്ലയിൽ പ്രവർത്തനക്ഷമമായതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. അത്യാവശ്യക്കാർക്ക് മാത്രം pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.

അവശ്യസർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും അപേക്ഷിക്കാം. ഇവർക്കായി തൊഴിലുടമയ്ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈൽഫോണിൽ ലിങ്ക് ലഭിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയ്ക്ക് കാണിക്കണം. ജില്ലവിട്ട് യാത്രചെയ്യുന്നത് പൊതുവെ നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, രോഗിയെ ചികിത്സാആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ.

പൊലീസ് പാസിനോടൊപ്പം തിരിച്ചറിയൽ കാർഡുകൂടി കരുതണം. വാക്‌സിനേഷന് പോകുന്നവർക്കും അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യപ്രസ്താവന മതിയാകും. മാതൃകയും വെബ്‌ സൈറ്റിൽ ലഭിക്കും.