പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് ഉജ്ജീവനം സാമൂഹിക അടുക്കള തുറന്നു. മുറവൻതുരുത്ത് മുഹമ്മദൻ ഗവ .എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക അടുക്കളയിലേക്ക് തുരുത്തിപ്പുറം ചന്തയിലെ പച്ചക്കറി വ്യാപാരി ഗിരീഷ് നൽകിയ പച്ചക്കറികൾ രശ്മി അനിൽകുമാർ ഏറ്റുവാങ്ങി. സഹകരണ ബാങ്കുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് സാമൂഹിക അടുക്കള പ്രവർത്തിക്കുക. പഞ്ചായത്തിലെ എമർജൻസി റെസ്പോൺസ് ടീം വാളണ്ടിയർമാരാണ് ഭക്ഷണം എത്തിച്ചു നൽകുക.
പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കൊവിഡ് ബാധിച്ച കുടുംബങ്ങളിൽ ഉള്ളവർക്കും ഒറ്റപ്പെട്ടു പോയവർക്കും നിർദ്ധനർക്കും അന്യസംസ്ഥാനക്കാർക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വീടുകളിൽ എത്തിച്ചുനൽകും. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ചെയർപേഴ്സനും പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആദ്യദിനം നൂറോളം പേർക്ക് ഭക്ഷണം നൽകി.