വിദ്യാർത്ഥികളിൽ മൊബൈൽ ഫോൺ അഡിക്‌ഷൻ വർദ്ധിക്കുന്നു

കോട്ടയം : കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വിദ്യാലയങ്ങൾ ഉടനെങ്ങും തുറക്കില്ലെന്ന് ഉറപ്പായതോടെ വിദ്യാർത്ഥികൾ കൂടുതലായി ഓൺലൈൻ ക്ലാസുകളിലേയ്‌ക്ക് തിരിയുന്നതിൽ അപകടം പതിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ലാസിനെന്ന് പറഞ്ഞ് ഓൺലൈൻ മൊബൈൽ ഗെയിമുകൾക്ക് വിദ്യാർത്ഥികൾ അടിമകളാകുന്നെന്ന പരാതിയാണ് ഉയരുന്നത്. ഇതുവഴി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് ആയിരക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. ഇതോടെയാണ് കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് നിർദേശങ്ങൾ ഇങ്ങനെ

ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ കളിക്കാൻ അനുവദിക്കരുത്

ഓൺലൈൻ ക്ലാസുകളിൽ കയറുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
കുട്ടികളുടെ അമിതമായ ദേഷ്യം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക
കുട്ടികൾക്ക് നൽകിയിരിക്കുന്ന മൊബൈലിൽ കൂടി ഓൺലൈൻ സേവനങ്ങൾ ചെയ്യരുത്
യൂസർ നെയിം പാസ്‌വേർഡ് എന്നിവ കുട്ടികൾക്ക് നൽകരുത്
മൊബൈലുമായി മുറിയിൽ അടച്ച് ഇരിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കരുത്
പഠന സമയം ഒഴികെയുള്ള സമയങ്ങളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണം
കുറച്ചു സമയം വ്യായാമത്തിന് കുട്ടികളെ രക്ഷിതാക്കൾ പ്രേരിപ്പിക്കുക
ബെഡ് റൂമിൽ സോഷ്യൽ മീഡിയ ഉപയോഗം രക്ഷിതാക്കളും ഒഴിവാക്കുക
അപരിചിത സൗഹൃദങ്ങൾ പുലർത്തുന്നുണ്ടെങ്കിൽ നിരീക്ഷിക്കുക
വിവേചനം ഇല്ലാതെ കുട്ടികളെ വഴക്ക് പറയാതാരിക്കുക

 ആവശ്യമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക