കൊച്ചി: എറണാകുളം ജില്ലയുടെ തീരദേശമേഖലകളുടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള കരട് തീരദേശമേഖലാ മാനേജ്‌മെന്റ് പ്ളാൻ (സി.ഇസഡ്.എം.പി.) തയ്യാറായി. ജില്ലയിൽ കൊച്ചി ഉൾപ്പെടെ ഏഴു നഗരസഭകൾക്കും 23 ഗ്രാമപഞ്ചായത്തുകൾക്കും ബാധകമാണ്. തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് കരടിന്മേൽ അഭിപ്രായം അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ചെങ്കിലും കൊവിഡ് കാലത്ത് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് സംസ്ഥാന സർക്കാരിന് വേണ്ടി കരട് പ്ലാൻ തയ്യാറാക്കിയത്. കേരളത്തിലെ ഒമ്പത് ജില്ലകളും കോട്ടയം ജില്ലയുടെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ളാൻ. റിപ്പോർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. 2019 ലെ തീരദേശ നിയന്ത്രണ വിജ്ഞാപന പ്രകാരമാണ് 130 പേജുകളുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
തീരദേശ നിയന്ത്രണം മൂന്ന് എ യിൽപ്പെടുന്ന പഞ്ചായത്തുകളും മൂന്ന് ബി യിലും വരുന്ന പഞ്ചായത്തുകളുടെയും പ്രത്യേകം മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ 1074 കായലുകൾ, ജലാശയങ്ങൾ, ദ്വീപുകൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രദേശങ്ങളിലും 2011 പ്ലാനും 2019 പ്ലാനുമായുള്ള താരതമ്യങ്ങളും ലഭിക്കും. വിവിധ പ്രദേശങ്ങളിലെ കണ്ടൽക്കാടുകളും ചിലയിടങ്ങളിൽ കുറഞ്ഞുവരുന്ന കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ കായലിനോട് ചേർന്നുള്ള ടൂറിസത്തിന് അനുബന്ധമായ പദ്ധതികളുടെ സാദ്ധ്യതാവിവരണങ്ങളും നൽകിയിട്ടുണ്ട്.

മറുപടി കൊവിഡിൽ കുടുങ്ങും
പൊതുജനങ്ങളോടും ബന്ധപ്പട്ട കക്ഷികളോടും ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം കരട് പ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങളും ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 22 ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരട് പ്ലാൻ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിന് പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ്, ലോക്ക് ഡൗണിന്റെ പ്രതിസന്ധിയുടെ കാലത്ത് ഇതെങ്ങനെ സാദ്ധ്യമാകുമെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. കൂടുതൽ സമയം ലഭിക്കുന്നതിന് സർക്കാരിനെ സമീപിക്കുമെന്ന് തദ്ദേശ സ്ഥാപന അധികൃതർ അറിയിച്ചു. പ്രദേശികമായി ലഭിക്കുന്ന മറുപടിയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കണക്കിലെടുത്തായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

നഗരസഭകൾ
കൊച്ചി, പറവൂർ, ഏലൂർ, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, മരട്

ഗ്രാമപഞ്ചായത്തുകൾ
വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം, കുന്നുകര, കരുമാല്ലൂർ, കോട്ടുവള്ളി, ഏഴിക്കര, കുഴുപ്പിള്ളി, എടവനക്കാട്, ആലങ്ങാട്, നായരമ്പലം, വരാപ്പുഴ, കടുങ്ങല്ലൂർ, കടമക്കുടി, ഞാറക്കൽ, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, ചെല്ലാനം, കുമ്പളങ്ങി, ഉദയംപേരൂർ, ആമ്പല്ലൂർ