സമ്മാനമായി യു ട്യൂബ് കൂട്ടായ്മക്ക് നൂറിനം പത്തുമണിച്ചെടികൾ, പൂച്ചക്കുട്ടി
കിഴക്കമ്പലം: ബുജി ഇപ്പോൾ ഹാപ്പിയാണ്. പതിനൊന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ അവന് അമ്മ ബെറ്റിയെ തിരിച്ചു കിട്ടി. ബുജിയും ബെറ്റിയും ആരണന്നല്ലെ? വടവുകോട് മറ്റപ്പിള്ളിക്കുരിശിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി ഷീബയുടെ കുടുംബത്തിലെ അംഗങ്ങളായ പേർഷ്യൻ പൂച്ചകൾ.
മൂന്നു വർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് വാങ്ങിയതാണ് ബെറ്റിയെ. ആദ്യ പ്രസവത്തിൽ പിറന്നവനാണ് ബുജി. മറ്റ് മൂന്നു പേരെ പലർക്കുമായി നൽകി. ബുജിയും അമ്മയും വീട്ടിൽ സുഖമായി കഴിയുന്നതിനിടെ കഴിഞ്ഞ 29നാണ് ബെറ്റിയെ കാണാതായത്. കാക്കനാടുള്ള സുഹൃത്തിന്റെ വീട്ടിലെ പൂച്ചയുമായി ഇണചേരാൻ കൊണ്ടുപോകും വഴി പള്ളിക്കര പെരിങ്ങാലയിൽ വച്ച് റോഡിലെ ഗട്ടറിൽ വീണ വാഹനത്തിൽ നിന്ന് ബെറ്റി തെറിച്ച് പോയി. മേരി ഷീബയുടെ മക്കളായ ദേവികയും ദീപക്കുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. റോഡിൽ വീണ ബെറ്റി പേടിച്ചരണ്ട് ഓടിയ വഴിയിൽ ഇവർ രണ്ടും മണിക്കൂറോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മേരി ഷീബക്കും മക്കൾക്കും ഉറക്കമില്ലാത്ത അന്വേഷണത്തിന്റെ നാളുകളായിരുന്നു. വഴികളെല്ലാം അടഞ്ഞപ്പോഴാണ് പെരിങ്ങാല കേന്ദ്രമായി പ്രവർത്തിക്കുന്ന യു ട്യൂബ് സംരംഭകരായ 'എന്റെ സ്വന്തം പെരിങ്ങാല'യെ ഇവർ ബന്ധപ്പെടുന്നത്. ഇതു വഴി ബെറ്റിയുടെ കഥ നാട്ടുകാർ അറിഞ്ഞു. അന്വേഷണം അവർ ഏറ്റെടുത്തു.
അതിനിടെ ഇന്നലെ പെരിങ്ങാലക്ക് സമീപമുള്ള വാഴത്തോട്ടത്തിനടുത്തുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിന് മുകളിൽ ബെറ്റിയെ പെരിങ്ങാല സ്വദേശികളായ അലി പെരുമാമറ്റം, ഒ.കെ. ഷമീർ, മുഹമ്മദ് എന്നിവർ കണ്ടെത്തി. പിടികൊടുക്കാൻ കൂട്ടാക്കാതെ പാഞ്ഞ ബെറ്റിയെ സാഹസികമായി പിന്തുടർന്ന് കീഴ്പ്പെടുത്തി മേരി ഷീബയ്ക്ക് തിരിച്ചേൽപ്പിച്ചു.
പൂച്ചെടികൾ വിൽക്കുന്ന നഴ്‌സറി നടത്തുന്ന മേരി പൂച്ചയെ കണ്ടെത്തുന്നവർക്ക് 100 വിവിധ തരം പത്തുമണിപ്പൂക്കളും ബെറ്റി പ്രസവിക്കുമ്പോൾ ഒരു പൂച്ചക്കുട്ടിയെയും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . ഇന്നലെ ബെറ്റിയുമായെത്തിയ യു ട്യൂബ് ചാനലിന്റെ അഡ്മിൻ ഇബ്രു ഉൾപ്പെടെയുള്ളവർക്ക് ചെടികൾ കൈമാറി. കുഞ്ഞുണ്ടാകുമ്പോൾ അതിനെയും നൽകും.
പേർഷ്യൻ ബ്ളൂ വില 9000 രൂപ!
പേർഷ്യൻ പൂച്ചകളിൽ ഡോൾ ഫെയ്സ് ഇനത്തിനാണ് വിലയേറെ. പേർഷ്യൻ ബ്ളൂ നിറമുള്ള കുഞ്ഞിന് 8000 - 9000 രൂപ, വൈറ്റ് 5000 - 6000 രൂപ, ബ്ളാക്ക് 7000 - 8000 രൂപ എന്നിങ്ങനെയാണ് വിപണി വില.
കടകളിൽ ലഭിക്കുന്ന ക്യാറ്റ് ഫുഡാണ് പ്രധാന ഭക്ഷണം. രണ്ടു നേരം മാത്രമാണ് ആഹാരം. ഒമേഗ-3 ഡ്രോപ്സ് ആഴ്ചയിൽ മൂന്നു ദിവസം നൽകണം. എല്ലാ വർഷവും വാക്സിനും വിര ഗുളികയും നൽകണം.
വർഷത്തിൽ രണ്ടു തവണ പ്രസവിക്കും. ഒരു പ്രസവത്തിൽ ആറു കുട്ടികൾ വരെയുണ്ടാകും. ഒമ്പതു കുട്ടികളുണ്ടായ ചരിത്രവുമുണ്ട്.