nayathode
കൊവിഡ് ബാധിതരുടെ വീടുകളിലേക്കുള്ള ചക്ക ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശേഖരിക്കുന്നു.

അങ്കമാലി: കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് ചക്ക എത്തിച്ച് ഡി.വൈ.എഫ്.ഐ വാളണ്ടിയർമാർ. പ്രാദേശികമായി പുരയിടങ്ങളിൽ നിന്നും നാട്ടുകാർ നൽകിയ ചക്കയാണ് അൻപതോളം വരുന്ന കുടുംബങ്ങളിൽ എത്തിച്ചത്. ഈ മേഖലകളിലെ ജനങ്ങൾക്കാവശ്യമായ എല്ലാ കാര്യങ്ങൾക്കും വിളിപ്പാടകലെയുണ്ട് സന്നദ്ധ പ്രവർത്തകർ. വിവിധ സേവനങ്ങൾക്കായി ഒരുക്കിയിട്ടുള്ള റെഡ് കെയർ വാഹനവും പത്തോളം വാളണ്ടിയർമാരും സേവനപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

വീടുകളിലേക്കാവശ്യമായ പലവ്യഞ്ജനം, മരുന്നുകൾ, റേഷൻ സാധനങ്ങൾ ഉൾപ്പെടെ ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും കൊവിഡ് പരിശോധകൾക്കായി കൊണ്ടു പോകുന്നതും വാളണ്ടിയർമാരാണ്. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയതും ഇവിടത്തെ സന്നദ്ധപ്രവർത്തകരാണ്.

നായത്തോട് പ്രദേശത്തെ വീടുകൾ, പൊതുഇടങ്ങൾ ഉൾപ്പെടെ തുടർച്ചയായി അണുവിമുക്തമാക്കാൻ സ്വന്തമായി പമ്പും അനുബന്ധ സാമഗ്രികളും ഇവർ കരുതിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് ജനങ്ങളെ പരമാവധി വീട്ടിൽ നിന്നും പുറത്തിറക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് മുഴുവൻ സമയവും വാളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുള്ളത്. നഗരസഭ കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, രജനി ശിവദാസൻ, സി.പി.എംലോക്കൽ കമ്മിറ്റിഅംഗം ജിജോ ഗീവർഗീസ്, ഡി.വൈ.എഫ്ഐ മേഖലാ ട്രഷറർ പി.ആർ. രാജേഷ് എന്നിവരാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.