നെടുമ്പാശേരി: കുത്തിയതോട് ഭാഗത്ത് കഴിഞ്ഞ രാത്രി രണ്ട് വീടുകളിൽ നിന്ന് ബൈക്ക് മോഷണം പോയി. മോഷ്ടിച്ച ബൈക്കിൽ ഒരെണ്ണം സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് സെന്റ് ജോർജ് കപ്പേളക്ക് സമീപം വിതയത്തിൽ ജോസിൻെറ കാർപോർച്ചിലിരുന്ന ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയതിലൊന്ന്.
200 മീറ്റർമാറി കാമ്പോളത്ത് ജോസിൻെറ പുതിയ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും മോഷ്ടിച്ചെങ്കിലും എൻജിനുമായി ബന്ധിപ്പിച്ച വയറുകളും മറ്റും കേടുവരുത്തി വിതയത്തിൽ ജോസിൻെറ വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോഴാണ് ബൈക്ക് മോഷണം പോയതറിഞ്ഞത്. രാത്രിയിൽ വിതയത്തിൽ ജോസിന്റെ സമീപവാസി ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടില്ല.
അടുത്തിടെ വിതയത്തിൽ ജോസിൻെറ സഹോദരൻ ജോയിയുടെ കാർപോർച്ചിൽ നിന്ന് മറ്റൊരു ബൈക്കും മോഷണം പോയെങ്കിലും ജോയിയുടെ മക്കൾ വിവിധയിടങ്ങളിലെ നിരീക്ഷണ കാമറകളുടെ സഹായത്തോടെ അന്വേഷണം നടത്തി കണ്ടെത്തിയിരുന്നു.
പറവൂർ പൂശാരിപ്പടിയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് അന്ന് ബൈക്ക് കണ്ടെത്തിയത്. പിന്നീട് ചെങ്ങമനാട് പൊലീസ് പ്രതികളെ പിടികൂടി. പറവൂരും കൊരട്ടിയിലുമുള്ള രണ്ട് യുവാക്കളായിരുന്നു മോഷണത്തിന് പിന്നിൽ. മോഷ്ടിച്ച ബൈക്കിന്റെ ഇന്ധനം തീർന്നതിനെ തുടർന്ന് എൻജിൻ തകരാറാണെന്ന് കരുതി വർക്ക്‌ഷോപ്പിൽ ഏൽപ്പിക്കുകയായിരുന്നു. തകരാർ തീർത്ത ശേഷം വിളിക്കാൻ ആവശ്യപ്പെട്ട് മോഷ്ടാക്കളിൽ ഒരാളുടെ ഫോൺ നമ്പറും നൽകി. ഇതാണ് പൊലീസിന് പിടിവള്ളിയായത്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കച്ചവട സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയും വീട്ടുകാർ നേരത്തെ ഉറങ്ങുകയും റോഡുകളിൽ വാഹനങ്ങൾ ഒഴിയുകയും ചെയ്യുന്നത് മറയാക്കിയാണ് മോഷ്ടാക്കൾ വിലസുന്നത്.