വൈപ്പിൻ: കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ ഏഴ് പഞ്ചായത്തുകളിൽ ഒന്നായ പള്ളിപ്പുറത്ത് സർക്കാർ നിർദേശപ്രകാരമുള്ള ഡൊമിസിലറി കെയർ സെന്റർ ഇനിയും ആരംഭിച്ചിട്ടില്ല. ശനിയാഴ്ച തദ്ദേശസ്വയംഭരണ പ്രതിനിധികളുമായുള്ള കോൺഫറൻസിൽ ഇനിയും ഡി.സി.സികൾ തുടങ്ങാത്ത പഞ്ചായത്തുകൾ ഉടനെ തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
കഴിഞ്ഞവർഷം കൊവിഡ് വ്യാപനകാലത്ത് പള്ളിപ്പുറം മഞ്ഞുമാതാ പാരീഷ് ഹാളിനോടനുബന്ധിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പഞ്ചായത്ത് ആരംഭിച്ചുവെങ്കിലും അപ്പോഴേക്കും കൊവിഡിന് ശമനം വന്നതിനാൽ ഏതാനും ദിവസത്തിനുശേഷം നിർത്തി. ഇപ്പോഴാകട്ടെ അവിടെ സെന്റർ വീണ്ടും ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കോവിലകത്തുംകടവ് ഗവ. ആയുർവേദ ആശുപത്രിയിൽ തുടങ്ങാൻ പഞ്ചായത്ത് ശ്രമിച്ചുവെങ്കിലും എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നു.
നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള പഞ്ചായത്താണ് പള്ളിപ്പുറം.1250 പേർ. ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടള്ളവർക്ക് ഓക്‌സിജൻ നൽകുന്നതിനും നീരീക്ഷിക്കുന്നതിനുമുള്ള സെന്റർ തുടങ്ങാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. സിദ്ധ ആശുപത്രിയും വി.ഇ.ഒ ഓഫീസും പ്രവർത്തിക്കുന്ന കോവിലകത്തുംകടവ് കമ്യൂണിറ്റി ഹാളിലാണ് താത്കാലിക സജ്ജീകരണം നടത്തുന്നത്. ഇവിടെ 20 കിടക്കകൾ ഉണ്ടാകും. മൂന്ന് നഴ്‌സുമാരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഗവ. സർവീസിലുള്ള ഹെഡ് നഴ്‌സിനെ ലഭിക്കാനുള്ള ശ്രമത്തിലുമാണ്. ഒരു ഡോക്ടറുടെ സേവനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
കൊവിഡ് കെയർ സെന്ററുകളിൽ സേവനം അനുഷ്ഠിക്കാൻ പഠിച്ചിറങ്ങുന്ന പല ഡോക്ടർമാരോ നഴ്‌സുമാരോ തയ്യാറാകുന്നില്ല. സ്ഥിരതയില്ലാത്ത നിയമനം, കുറഞ്ഞവേതനം, ജോലിഭാരം, ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയാൽ കുടുംബാഗങ്ങളുമായി ഇടപെഴകാനാകാത്തത് തുടങ്ങിയവയാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.
ഓക്‌സിജൻ സെന്റർ രണ്ട് ദിവസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി ചെറുവൈപ്പിൽ സി.എഫ്.എൽ.ടി.സി ഉടൻ തുറക്കും. അവിടെ ഓക്‌സിജൻ നൽകുന്നതിനുള്ള സജ്ജീകരണവുമുണ്ടാകും. പള്ളിപ്പുറം പഞ്ചായത്തിലുള്ളവർക്കും ഇത് പ്രയോജനപ്പെടുത്താനാകും.